ഒരു വർഷമായി കൊറോണ ബാധിതനായി 49കാരന്‍; വൈറസിൻ്റെ ക്രൂരമുഖമായി ‘ലോംഗ് കൊറോണ’

ലണ്ടന്‍: ഒരു വര്‍ഷമായി കൊറോണയുടെ പിടിയില്‍ നിന്നും മുക്തനാകാതെ 49കാരന്‍. ബ്രിട്ടനിലെ ജേസണ്‍ കെല്‍ക്ക് എന്ന പ്രൈമറി സ്കൂള്‍ ഐ.ടി അധ്യാപകനാണ് ഇപ്പോഴും കൊറോണ വൈറസില്‍ നിന്നും പൂര്‍ണ മുക്തനാകാതെ ചികിത്സയില്‍ കഴിയുന്നത്. 2020 ഏപ്രിലില്‍ നെഞ്ചുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജേസണ്‍ കെല്‍ക്കിന് കൊറോണ ടെസ്റ്റില്‍ പോസറ്റിവ് ആയി മാറുകയായിരുന്നു. പീന്നിട് അദ്ദേഹം ആശുപത്രി വിട്ടിട്ടില്ല.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും 48 മണിക്കൂറിനുശേഷം വെന്റിലേറ്ററിലേക്ക് ബന്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ വൈറസ് വയറ്റില്‍ വരുത്തിയ നാശനഷ്ടം വളരെ വലുതായിരുന്നു.

ഗ്യാസ്‌ട്രോപാരെസിസ് ബാധിച്ചതായും സ്ഥിരമായി ഛര്‍ദ്ദി ഉണ്ടാകുന്നതായും പീന്നിട് റിപ്പോര്‍ട്ടുകളും വന്നു. അദ്ദേഹത്തിന് ഇപ്പോഴും സഹായമില്ലാതെ നടക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കുകയില്ല.

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കൊറോണ വൈറസ് രോഗിയാണോ അദ്ദേഹം എന്ന് ഇന്നും വ്യക്തമല്ല. എന്നാൽ ലീഡ്‌സ് ലൈവ് അദ്ദേഹത്തിന് ഈ പദവി നല്‍കി. ‘ലോംഗ് കൊറോണ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗവസ്ഥ രോഗം ബാധിക്കുന്ന പത്തില്‍ ഒരാള്‍ക്ക് മാത്രമുണ്ടകുന്ന ഒന്നാണ്. ശ്വാസോച്ഛാസ പ്രശ്‌നങ്ങള്‍, മസ്തിഷ്‌കത്തില്‍ പേശിവേദന എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.

കൂടുതല്‍ കഠിനമായ കേസുകള്‍ വളരെ അപൂര്‍വമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വലിയ വിത്യാസം വന്നതായി കെല്‍ക്കിന്റെ ഭാര്യ സ്യൂ പറഞ്ഞു. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. കൊറോണയ്ക്ക് ദഹനവ്യവസ്ഥയെ തകര്‍ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.