തിരുവനന്തപുരം: കൊറോണ ബാധിതരുടെ കുടുംബാംഗങ്ങളെ കർശനമായി ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളിൽ കൊറോണ രോഗിയെ ആശുപത്രിയിലോ സിഎഫ്എൽടിയിലോ പ്രവേശിപ്പിക്കണം. പഞ്ചായത്ത്, വാർഡുതല കമ്മിറ്റികൾ അടിയന്തരമായി പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ നർശനനടപടിയുണ്ടാകുമെന്നും പഞ്ചായത്ത് ഡയറക്ടർ മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത്, വാർഡുതല കമ്മിറ്റികൾക്കാണ് നിയന്ത്രണങ്ങളും നടപടികളും നടപ്പാക്കുന്നതിനുള്ള ചുമതല. അതിനാൽ അടിയന്തരമായി ഈ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിമാർക്കാണ്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഡയറക്ടർ പുതിയ മാർഗ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
ഒരു പ്രദേശത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുതലാണെങ്കിൽ കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് നടപടികൾ സ്വീകരിക്കണം. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ജിയോമാപ്പിങ് നടത്തണം. വിവാഹത്തിലും മരണാനന്തരചടങ്ങുകളിലും മറ്റ് ഒത്തുചേരലുകളിലും അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. മാളുകൾ, സിനിമ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദി ചെയിൻ പ്രോട്ടോക്കോൾ ഉറപ്പാക്കുക.
വയോജനങ്ങൾ, ജീവിതശൈലീ രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, സാന്ത്വന ചികിത്സയിലുള്ളവർ, തീരദേശവാസികൾ, ചേരിപ്രദേശങ്ങളിൽ കഴിയുന്നവർ, കെയർ ഹോമിലെ അന്തേവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ മുൻഗണന.