കൊറോണ രണ്ടാം തരംഗം സങ്കീർണം; ഡെൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും

ന്യൂഡെൽഹി: കൊറോണ രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. ഓരോ ദിവസവും കൊറോണ കേസുകളും മരണനിരക്കും ഡെൽഹിയിൽ കുതിച്ചുയരുകയാണ്.കൊറോണ കേസുകളുടെ അഭൂതപൂർവ്വമായ കുതിച്ചു ചാട്ടത്തിൽ ഡെൽഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ താറുമാറായ സ്ഥിതിയിൽ ലോക്ഡൗൺ നീട്ടുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.

കഴിഞ്ഞ 24 മണിക്കൂറിൽ ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഡെൽഹിയിൽ പുതുതായി രോഗബാധിതരായത്.

ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ഡെൽഹി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഉത്തരവിറക്കിയേക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്.

‘ഞങ്ങൾ ഇപ്പോൾ ഒരു ലോക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ നമ്മൾ ഒരു വലിയ വിപത്തിനെ അഭിമുഖീകരിച്ചേക്കാം. സർക്കാർ നിങ്ങളെ പൂർണമായി പരിപാലിക്കും. സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾ ഈ കടുത്ത തീരുമാനമെടുത്തു’ ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാൾ പറയുകയുണ്ടായി.

ഓക്സിജൻ പ്രതിസന്ധി രൂക്ഷമായി ഡെൽഹിയിലെ ആശുപത്രികളിൽ കൂട്ടമരണങ്ങൾക്കു വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് സഹായം അഭ്യർഥിച്ചിരുന്നു അരവിന്ദ് കെജ്രിവാൾ.