വൈറ്റ് ഹൗസിനു മുന്നിൽ ചാണകം തള്ളി ബൈഡന് എതിരേ പ്രതിഷേധം

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു നേരെ വ്യത്യസ്തമായ പ്രതിഷേധം. വൈറ്റ് ഹൗസിനു മുന്നിൽ കൂട്ടമായി ചാണകം തള്ളിയാണ് പ്രക്ഷോഭകർ പ്രതിഷേധിച്ചത്. എസ്‌കിറ്റിൻഷൻ റിബല്ല്യൺ ഡിസി എന്ന പരിസ്ഥിതി സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ബൈഡന്റെ നയത്തിലുള്ള പ്രതിഷേധമായാണ് ഭൗമ ദിനത്തിൽ അമേരിക്കയിലെ പരിസ്ഥിതി പ്രവർത്തകർ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. ബൈഡൻ ദേശീയ അടിയന്തരാവസ്ഥ നിയമപ്രകാരം കാലാവസ്ഥ, പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും 2025 ലേക്ക് സീറോ എമിഷൻ ലക്ഷ്യം നിശ്ചയിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ചാണകം തള്ളിയുള്ള പ്രതിഷേധത്തിന്റെ വീഡിയോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെറിയ ഉന്തുവണ്ടികളിൽ ചാണകം നിറച്ചെത്തി വൈറ്റ് ഹൗസിനു സമീപം തള്ളുകയായിരുന്നു. ‘കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കൂ, ബൈഡൻസ് 2030 പ്ലാൻ=മാസ് ഡെത്ത്’ തുടങ്ങിയ ബാനറുകൾ ഏന്തിയാണ് പ്രതിഷേധം നടന്നത്.