തിരുവനന്തപുരം: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കൊറോണയുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തരം വാർത്തകൾ നിർമിക്കുന്നത് മാത്രമല്ല പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശങ്ങൾ നിർമിക്കുന്നവരെയും പങ്കുവയ്ക്കുന്നവരെയും കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ കർശനമായ സൈബർ പട്രോളിങ് നടത്താൻ പൊലീസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം എന്നിവയ്ക്ക് നിർദേശം നൽകിയെന്നും ബെഹ്റ അറിയിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു