എട്ടാം ദിവസം ആർടിപിസിആർ പരിശോധന; നെഗറ്റീവ് ആണെങ്കിലും 7 ദിവസം ക്വാറൻ്റയിൻ; മാർഗനിർദേശങ്ങൾ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ക്വാറന്റൈൻ ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച്‌ ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും.

ആരോ​ഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശങ്ങൾ ഇങ്ങനെ

പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ, വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ, ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക.

ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് 7 ദിവസം കൂടി ക്വാറന്റൈൻ തുടരേണ്ടതാണ് രോഗം വരാൻ സാധ്യത കുറവുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ളവർ14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കുകയും മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം, ചുമയക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകൾ പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കുകയും ചെയ്യുക.

കല്യണം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക. കേരളത്തിലേക്ക് വരുന്ന അന്തർദേശീയ യാത്രക്കാർ കേരളത്തിൽ എത്തുമ്പോൾ കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരം ആർടിപിസിആർ പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച്‌ ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് 7 ദിവസം നിരീക്ഷിക്കുക.

ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന യാത്രക്കാർ ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആർടിപിസിആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ ആർടിപിസിആർ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരുകയും ചെയ്യുക

ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാസ്‌ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുക. ആർടിപിസിആർ പരിശോധന നടത്തുന്നില്ല എങ്കിൽ 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയുക