ജാഗ്രതാ പോര്‍ട്ടലില്‍ ഇല്ലാത്തവര്‍ക്ക് കേരളത്തിലേക്ക് പ്രവേശനമില്ല; നാളെ മുതല്‍ അതിര്‍ത്തിയില്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനാന്തര യാത്രകളില്‍ നിയന്ത്രണവുമായി കേരളവും. കൊറോണ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി കര്‍ശനമാക്കുന്നത്. വാളയാര്‍ അതിര്‍ത്തിയിലൂടെ കേരളത്തിലേയ്ക്ക് കടക്കണമെങ്കില്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും പോലീസും അറിയിച്ചു. നാളെ മുതല്‍ പരിശോധന കര്‍ശനമാക്കും.

അതിര്‍ത്തിയിലെത്തി മടങ്ങിപോകേണ്ട അവസ്ഥ വരാതിരിക്കാന്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കടത്തിവിടുമെന്നും ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിറക്കിയതിന് പിന്നാലെയാണ് ജാഗ്രതാ പോര്‍ട്ടല്‍ നിര്‍ദ്ദേശവും വന്നിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന പൂര്‍ത്തിയാക്കണം. 48 മണിക്കുര്‍ മുമ്പോ എത്തിയ ഉടനേയോ പരിശോധന നടത്തണം. ഫലം വരുന്നതുവരെ ക്വാറന്റൈനില്‍ തന്നെ കഴിയണം. വാക്‌സിനെടുത്തവര്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണെന്നും ആരോഗ്യവകുപ്പറിയിച്ചു.