കൊറോണ വാക്സിനേഷൻ ഫലംകണ്ടു; ഇസ്രായേലിൽ പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി

ടെൽഅവീവ്: ഇസ്രയേൽ ജനസംഖ്യയിൽ ഭൂരിഭാഗത്തിനും കൊറോണ വാക്സിനേഷൻ നടത്തിയതതോടെ രോഗ വ്യാപനം കുറഞ്ഞുവെന്നും, അതിനാൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടു വന്ന നിർബന്ധിത മാസ്‌ക് ധരിക്കൽ ചട്ടം ഒഴിവാക്കിയെന്നും ആരോഗ്യ മന്ത്രാലയം. ഇനി രാജ്യത്ത് പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നില്ല. അടുത്ത ദിവസം മുതൽ സ്‌കൂളുകളും പൂർണമായി രാജ്യത്ത് തുറന്ന് പ്രവർത്തിക്കും.

അതേസമയം കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ മാസ്‌ക് ഒഴിവാക്കരുതെന്നും നിർദ്ദേശമുണ്ട്. ഒന്നാമതായി രാജ്യത്ത് വളരെയധികം ഡിജിറ്റലൈസ് ചെയ്യപ്പെട്ട കമ്മ്യൂണിറ്റി ആരോഗ്യ മേഖലയാണ്. രാജ്യത്തെ എല്ലാ പൗരൻമാരും നിയമപ്രകാരം ഇസ്രായേലിലെ നാല് എച്ച്‌എംഒകളിൽ ഒന്നിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഇസ്രായേൽ ജനസംഖ്യയും പ്രധാന ഘടകമാണ്.രാജ്യത്ത് 90 ലക്ഷം ജനസംഖ്യയാണുള്ളത്. ഒരു കേന്ദ്രീകൃത മെഡിക്കൽ സംവിധാനത്തിൽ ഇവരെ കൊണ്ടുവരാൻ താരതമ്യേന എളുപ്പമാണെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു.

രാജ്യത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും കൊറോണ വാക്സിൻ കുത്തിവെപ്പ് നടത്തിയതിനു പിന്നാലെയാണ് ഇസ്രായേലിൽ രോഗവ്യാപനവും കൊറോണ മൂലമുള്ള മരണങ്ങളും കുറഞ്ഞത്. 90 ലക്ഷത്തിലേറെ വരുന്ന ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട വാക്സിനും സ്വീകരിച്ചു. വാക്സിനേഷനിൽ അമേരിക്കയ്ക്കും മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും മുമ്ബിലായിരുന്നു നേരത്തെ തന്നെ ഇസ്രായേൽ.

കൊറോണ വാക്സിൻ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നേരത്തെ തുടങ്ങിയിട്ടുമുണ്ടായിരുന്നു. ഫൈസർ ബയോടെക് വാക്സിൻ, മോഡേണ തുടങ്ങിയ വാക്സിൻ നിർമാതാക്കളുമായി അതിവേഗം ധാരണയിലെത്താൻ ഇസ്രായേൽ ആരോഗ്യമേഖലക്ക് കഴിഞ്ഞുവെന്നും അധികൃതർ പറഞ്ഞു.