വാഷിംഗ്ടൺ: അമേരിക്കയിലെ മിനിസോട്ടയിൽ കറുത്തവർഗക്കാരനെ വെടിവച്ചുകൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു. കിം പോട്ടർ എന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബ്രൂക്ക്ലിൻ സെന്ററിൽ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കറുത്തവർഗക്കാരനു വെടിയേറ്റത്.
വാറൻറ് നിലനിൽക്കുന്ന ഡൗണ്ട് റൈറ്റ് (20) എന്ന കറുത്തവർഗക്കാരൻ വാഹനം നിർത്താതെ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണു പോലീസ് വെടിവച്ചത്. വെടിയേറ്റ ഡൗണ്ട് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അറസ്റ്റ് ചെയ്ത കിം പോർട്ടറെ കോടതിയിൽ ഹാജരാക്കി 100,000 ഡോളർ ജാമ്യത്തിൽ വിട്ടു.കിം അബദ്ധത്തിൽ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
മിനിസോട്ട സംസ്ഥാനത്തെ ബ്രൂക്ക്ലിൻ സെൻററിലായിരുന്നു സംഭവം. ഡൗണ്ട് റൈറ്റ് (20) എന്ന കറുത്തവർഗക്കാരനാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ബ്രൂക്ക്ലിൻ സെൻറർ പോലീസ് മേധാവിയും കിം പോർട്ടറും നേരത്തെ ജോലിയിൽനിന്നും രാജിവച്ചിരുന്നു.
വെടിവയ്പിനെ തുടർന്ന് ബ്രൂക്ക്ലിൻ സെൻററിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. പോലീസ് ആസ്ഥാനത്തിനു മുന്നിൽ നൂറുകണക്കിന് പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് ഒത്തുകൂടി. ബ്ലാക്ക് ലൈവ്സ് മാറ്റർ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാരെ നേരിടാൻ പോലീസ് റബർ ബുള്ളറ്റുപയോഗിച്ച് വെടിവയ്പും കണ്ണീർവാതക പ്രയോഗവും നടത്തി.മിനിയാപോളിസിൽ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പോലീസുകാരൻ്റെ വിചാരണ നടക്കുന്നതിനിടെയാണ് പുതിയ സംഭവം. ഫ്ലോയിഡിൻറെ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 16 കിലോമീറ്റർ അകലെയാണു ബ്രൂക്ക്ലിൻ.