ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ആചാരപ്രകാരമുള്ള രാജകീയമായ ശവസംസ്കാര ചടങ്ങ് ഏപ്രിൽ 17ന് വിൻഡ്സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ഗവൺമെന്റിന്റെ കൊറോണ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാകും ചടങ്ങ് നടത്തുകയെന്ന് കൊട്ടാരം അധികൃതർ അറിയിച്ചതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകും. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തങ്ങളുടെ സംസ്കാര ചടങ്ങ് ആസൂത്രണം ചെയ്യുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. ശവസംസ്കാര ചടങ്ങിനോട് അനുബന്ധിച്ച് പരമ്പരാഗതമായ ചില രീതികൾ പാലിച്ചുപോരാൻ രാജകുടുംബം ബാധ്യസ്ഥരാണ്.
17ന് ഉച്ചകഴിഞ്ഞ് ബ്രിട്ടീഷ് സമയം മൂന്നിനാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങിൽ രാജകുടുംബത്തിലെ അംഗങ്ങളും പ്രമുഖരായ മറ്റു ചിലരും പങ്കെടുക്കും. എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരിക്കും ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം സംസ്കരിക്കുക.
എല്ലാ രാജകുടുംബാംഗങ്ങളും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ പരമ്പരാഗതമായ കറുത്ത വസ്ത്രങ്ങളോ ഇരുണ്ട നിറമുള്ള വസ്ത്രങ്ങളോ ആണ് ധരിക്കാറുള്ളത്. ഒരു മരണം ഉണ്ടായതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ ഉടനെ കുടുംബാംഗങ്ങൾ പ്രത്യേകതരം ബാൻഡുകൾ കൈയിൽ ധരിക്കാറുണ്ട്. ദുഃഖാചരണത്തിന്റെ സൂചകമാണ് അത്.
അപ്രതീക്ഷിതമായി കുടുംബത്തിൽ ഒരു മരണമുണ്ടായാൽ അണിയാനായി യാത്ര ചെയ്യുമ്ബോൾ രാജകുടുംബാംഗങ്ങൾ ഒരു കറുത്ത വസ്ത്രം കൂടെ കരുതാറുണ്ട്. ശവസംസ്കാരത്തിനു മുൻപ് മൂന്ന് ദിവസത്തോളം മൃതദേഹം പൊതുദർശനത്തിന് വെയ്ക്കാറുണ്ട്.
പ്രോട്ടോക്കോൾ പ്രകാരം ഔദ്യോഗിക രാജകീയ വസതികളിലും ഓഫീസുകളിലും പതാക താഴ്ത്തിക്കെട്ടാറുണ്ട്. ദുഃഖാചരണം സെന്റ് ജോർജ് ദിവസമാണെങ്കിൽ ഇംഗ്ലണ്ടിന്റെ പതാകയ്ക്ക് പകരം യൂണിയൻ പതാകയാവും ഉപയോഗിക്കുക.രാജകുടുംബാംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ രണ്ടാഴ്ചക്കാലമാണ് ദുഃഖം ആചരിക്കുക. പൊതുവേ മരണദിവസം മുതൽ സംസ്കാര ചടങ്ങ് നടക്കുന്ന ദിവസം വരെയാണ് ദുഃഖാചരണം ഉണ്ടാകാറുള്ളത്.