വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; ഹാരി രാജകുമാരനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ഇന്ത്യൻ അഭിഭാഷക

ഛണ്ടീഗഡ്: ലണ്ടനിലെ ഹാരി രാജകുമാരനെതിരെ പഞ്ചാബ് സ്വദേശിനിയായ അഭിഭാഷകയുടെ പരാതിയി. പൽവിന്ദർ കൗർ എന്ന അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി രാജകുമാരൻ വഞ്ചിച്ചു എന്നാണാരോപണം. തെളിവിലേക്കായി ഹാരി രാജകുമാരനുമായി അവർ നടത്തിയെന്ന് അവകാശപ്പെടുന്ന സംഭാഷണങ്ങൾ അടങ്ങിയ ചില ഇ-മെയിലുകളും കോടതിയിൽ ഹാജരാക്കി.

പരാതിക്കാരിയെ എത്രയും പെട്ടന്ന് വിവാഹം ചെയ്യാമെന്നാണ് മെയിൽ അയച്ച ‘ഹാരി രാജകുമാരൻ’ പറയുന്നത്.36 വയസ്സുകാരനായ ഹാരി രാജകുമാരനെതിരെ നടപടിയെടുക്കാൻ യുകെ പൊലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ വാക്ക് പാലിച്ചിട്ടില്ല. അതുകൊണ്ട് വിവാഹം ഇനിയും വൈകാതിരിക്കാനായി രാജകുമാരനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് അഭിഭാഷക ആവശ്യപ്പെട്ടത്. എന്നാൽ ഒരു തവണയെങ്കിലും ലണ്ടൻ സന്ദർശിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പരാതിക്കാരി നൽകിയത്.

സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു ഹാരിയുമായി താൻ സംസാരിച്ചിരുന്നതെന്നും തങ്ങളുടെ ഈ ബന്ധത്തെ കുറിച്ച് ഹാരിയുടെ പിതാവായ ചാൾസ് രാജകുമാരന് അറിയാമായിരുന്നുവെന്നും പരാതിക്കാരി സൂചിപ്പിക്കുന്നു.അതേസമയം ഈ പരാതി വെറുമൊരു പകൽക്കിനാവ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.

‘പരാതിയിൽ യാതൊരു കഴമ്പുമില്ല എന്നും ഹാരി രാജകുമാരനെ വിവാഹം ചെയ്യണമെന്നുള്ള ഒരു പകൽ കിനാവുകാരിയുടെ ഫാൻറസി മാത്രമാണ്’ ഇത് എന്നുമായിരുന്നു ജസ്റ്റിസ് അരവിന്ദ് സിംഗിൻറെ നിരീക്ഷണം. കൂടാതെ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഐഡികൾ സൃഷ്ടിക്കപ്പെടുകയും കബളിപ്പിക്കൽ നടക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഭാഷണങ്ങളുടെ ആധികാരികതയെ ആശ്രയിക്കാൻ കോടതിക്ക് കഴിയില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.