ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ വൻ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.0 രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യൻ തീരത്ത് വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് പ്രദേശത്തുണ്ടായത്. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലായിരുന്നു ഭൂകമ്പം. എന്നാൽ സുനാമി മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈസ്റ്റ് ജാവയിലെ മലംഗ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറിയാണ് ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലമാണ് മലംഗ് സിറ്റി.

പലപ്പോഴും ഭൂചലനങ്ങളും അഗ്‌നിപർവത സ്ഫോടനങ്ങളുമുണ്ടാകുന്ന പ്രദേശമാണ് ഇന്തോനേഷ്യ. ടെക്ടോണിക്ക് പ്ലേറ്റുകൾക്ക് ചലനം സംഭവിക്കുന്ന പസിഫിക്കിലെ ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇവിടെ ഇത്തരം പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി ഉണ്ടാകാൻ കാരണം. 2018 ൽ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4,300 പേർ മരണപ്പെട്ടന്നാണ് കണക്ക്. 2004 ലെ ഭൂകമ്ബത്തിൽ 17,000 പേർക്കാണ് ജീവൻ നഷ്ടമായത്.