കൊറോണ വ്യാപനം; കോഴിക്കോട് കർശന നിയന്ത്രണങ്ങൾ; രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ യോഗങ്ങൾക്ക് വിലക്ക്; ഏഴുമണിക്ക് ശേഷം ബീച്ച്‌ അടച്ചിടും

കോഴിക്കോട്: കൊറോണ വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. കോഴിക്കോട് ബീച്ചിൽ വൈകുന്നേരം ഏഴുമണിക്ക് ശേഷം സന്ദർശകരെ അനുവദിക്കില്ല. കൂടുതൽ സന്ദർശകരെത്തുന്നെങ്കിൽ ബീച്ച്‌ അടച്ചിടും. അറുപത് വയസ്സിനു മുകളിലുള്ളവർക്ക് വിലക്കേർപ്പെടുത്തി.

രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ 791 പേരാണ് രോ​ഗബാധിതർ. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. 400ന് മുകളിലാണ് പ്രതിദിന കൊറോണ വർധനവ്.‌‌

അടുത്ത രണ്ടാഴ്ചയിൽ രാഷ്ട്രീയ പാർട്ടികളുടെ എല്ലാവിധ പൊതുപരിപാടികളും ഒഴിവാക്കാൻ കലക്ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. ബീച്ചുകളിലും മറ്റു ടൂറിസം കേന്ദ്രങ്ങളിലും ആളുകൾ ക്രമാതീതമായി എത്തുന്നത് ഭീതിജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളിൽ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തും.

കൂടുതൽ ആളുകൾ എത്തുകയാണെങ്കിൽ ഇവിടേക്കുള്ള പ്രവേശനം തടയുന്നതിന് പൊലീസിനും സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കും ഡെസ്റ്റിനേഷൻ മാനേജർമാർക്കും ചുമതല നൽകി. വൈകിട്ട് ഏഴുമണിക്ക് ശേഷം ബീച്ചുകളിൽ ആളുകളെ അനുവദിക്കില്ല. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതിന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ആരാധനാലയങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താൻ യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളിൽ 100 ൽ കൂടുതൽ പേർ ഒത്തുകൂടാൻ പാടില്ല. 10 വയസിനു താഴെയും 60 വയസിനു മുകളിലും ഉള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉണ്ടാവണം.

വിവാഹ ചടങ്ങുകൾ കൂടുതൽ ദിവസങ്ങളിലായി നടത്തുന്നത് കർശനമായും തടയും. 200 പേർക്ക് മാത്രമേ വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളു. അടച്ചിട്ട മുറികളിലാണെങ്കിൽ 100 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദമുള്ളു. ചടങ്ങുകളുടെ വിവരങ്ങൾ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പൊതുവാഹനങ്ങളിൽ നിന്നു യാത്ര ചെയ്യാനും അനുവാദമില്ല. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കാതിരുന്നാൽ നിയമനടപടി സ്വീകരിക്കും. പ്രായമായവർ ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.