കൊറോണ പ്രോട്ടോക്കോളിൽ കേരളം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ഏഴ് ദിവസത്തെ ക്വാറന്റീനിൽ കഴിയണം

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കൊറോണ പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്ന വാർത്ത ചില മാധ്യമങ്ങളിൽ പുതിയ തീരുമാനം എന്ന രീതിയിൽ വന്നതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പെന്നും ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേയുള്ള ഉത്തരവ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തിൽ നിന്ന് മടങ്ങി പോകുന്നവർ, ക്വാറന്റീനിൽ കഴിയേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർ. ടി. പി. സി. ആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.

അതേസമയം കൊറോണ വ്യാപനം തടയുന്നതിന് കേരളം കൂടുതൽ ജാഗ്രത പുലർത്തണം എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. വരുന്ന മൂന്നാഴ്ച്ച കേരളത്തിന് നിർണ്ണായകമാണ്. തെരഞ്ഞെടുപ്പ് പ്രാചാരണങ്ങളിലുൾപ്പെടെ വലിയ തോതിൽ ജനങ്ങൾ കൂട്ടംകൂടിയിട്ടുണ്ട്. അതിനാൽ ജാഗ്രതയോടുകൂടി മുന്നോട്ടു പോകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.