സ്ത്രീകൾ പ്രലോഭനം ഒഴിവാക്കാൻ ശരീരം മറയ്ക്കണം ; ഇമ്രാൻ ഖാന്റെ പരാമർശത്തിൽ പ്രതിഷേധം

ഇസ്ലാമബാദ്: ബലാത്സംഗത്തെ സ്ത്രീകളുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെടുത്തിയ പരാമർശത്തെ തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനം. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാൽ സ്ത്രീകൾ ശരീരം മൂടി നടക്കണമെന്നുമായിരുന്നു മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാന്റെ പ്രതികരണം. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാൻ ഖാൻ്റെ പരാമർശം.

സദാചാരമൂല്യങ്ങൾ കുറയുന്നതിൻ്റെ പ്രത്യാഘാതങ്ങൾ സമൂഹത്തിലുണ്ടാവുമെന്നായിരുന്നു ഇമ്രാൻ ഖാന്റെ വാദം.’ സമൂഹത്തിൽ ബലാത്സംഗം വർധിക്കുകയാണ്. സ്ത്രീകൾ പ്രലോഭനം ഒഴിവാക്കാൻ ശരീരം മറയ്ക്കണം. പർദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാൻ വേണ്ടിയുള്ളതാണ്. എല്ലാവർക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ല .’ ഇമ്രാൻ ഖാൻ പറയുന്നു .

അതേസമയം ഇമ്രാൻ ഖാൻ്റെ ഈ പരാമർശം രൂക്ഷമായ പ്രതിഷേധത്തിലേക്കാണ് വഴി തെളിച്ചിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഇമ്രാൻ ഖാൻ്റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇമ്രാൻ ഖാൻ്റെ വാക്കുകൾ തെറ്റാണെന്നും അപകടകരമാണെന്നും നിർവ്വികാരവുമാണെന്നാണ് വനിതാ അവകാശ പ്രവർത്തകർ ആരോപിക്കുന്നത്.

ബലാത്സംഗം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമർശമെന്നും വിമർശനം ഉയരുന്നുണ്ട്. അതെ സമയം യാഥാസ്ഥിതിക മനോഭാവം പുലർത്തുന്ന രാജ്യമായ പാകിസ്ഥാനിൽ ബലാത്സംഗത്തിനിരയായ വ്യക്തിയെ കുറ്റവാളിയായി ചിത്രീകരിക്കുന്നതായും പരാതികൾ പലപ്പോഴും അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്.

സദാചാരവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ളതാണ് ഇമ്രാൻ ഖാൻ്റെ പരാമർശം. പാകിസ്ഥാനിൽ തനിയെ വാഹനം ഓടിച്ച്‌ പോയ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പുരുഷൻ കൂടെയില്ലാതെ പുറത്ത് പോയ യുവതിയെ പഴിച്ച പൊലീസ് മേധാവിയുടെ പരാമർശം ഏറെ വിവാദത്തിന് വഴി വെച്ചിരുന്നു .