വാഹനത്തിനുള്ളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് നിർബന്ധമാണെന്നു ഹൈക്കോടതി

ന്യൂഡെൽഹി: കൊറോണ വ്യാപന സാഹചര്യത്തിൽ വാഹനത്തിനുള്ളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് നിർബന്ധമാണെന്നു ഡെൽഹി ഹൈക്കോടതി . വാഹനവും പൊതു ഇടമെന്ന് കോടതി ചൂണ്ടിക്കാട്ടി. വൈറസ് വ്യാപനത്തിനെതിരായ സുരക്ഷാ കവചമാണ് മാസ്കെന്നും കോടതി വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ചവരും മാസ്ക് ധരിക്കണമെന്നും കോടതി പറഞ്ഞു.

സ്വകാര്യ വാഹനങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കവെ മാസ്ക് ധരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കിയ പൊലീസ് നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു ഡെൽഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

അതേസമയം രാജ്യത്ത് പ്രതിദിന കൊറോണ വ്യാപനം ഏറ്റവും ഉയർന്ന നിലയിലാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1,15,736 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രോഗ വ്യാപനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

കഴിഞ്ഞ 24 മണിക്കൂറിൽ 630 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 59,856 പേർ രോഗമുക്തി നേടി. രാജ്യത്ത് നിലവിൽ 8,43,473 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇതു വരെ ആകെ 1,17,92,135 പേർ രോഗമുക്തരായിട്ടുണ്ട്. 1,66,177 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരണമടഞ്ഞത്. നിലവിൽ 8,70,77,474 പേർ രാജ്യത്ത് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്