കൊസോവ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് വ്യോസ ഒസ്മാനി സദ്ര്യു അധികാരമേറ്റു

കൊസോവ: കൊസോവയുടെ പുതിയ പ്രസിഡന്റായി വ്യോസ ഒസ്മാനി സദ്ര്യു സ്ഥാനമേറ്റു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ലോകത്ത് തന്നെ പ്രായം കുറഞ്ഞ പ്രസിഡന്റുമാരിൽ ഒരാളുമായി 38 കാരിയായ സദ്ര്യു.

യുദ്ധക്കുറ്റങ്ങൾക്ക് ഹേഗിലെ പ്രത്യേക കോടതിയിൽ വിചാരണ നേരിടുന്നതിനെ തുടർന്ന് രാജിവെക്കേണ്ടി വന്ന ഹാഷിം താഖിയുടെ പിൻഗാമിയായാണ് സദ്ര്യു അധികാരമേറ്റത്. സദ്ര്യു ചൊവ്വാഴ്ച അധികാരമേറ്റു. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ചുരുക്കിയായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.

ആക്ടിങ് പ്രസിഡന്റ് ഗ്ലൗക് കൊഞ്ചുഫ്‌ക രാജ്യത്തിന്റെ ഭരണഘടന സാഡ്രിയൂവിന് കൈമാറി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ ബാൽകാൻ രാജ്യമായ കൊസോവയിലെ പ്രസിഡന്റായി പാർലമെന്റ് തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ യുദ്ധാനന്തര കാലത്തെ രണ്ടാമത്തെ വനിതാ നേതാവാണ് സദ്ര്യു.സെർബിയയുമായുള്ള സ്വാതന്ത്ര്യ യുദ്ധ കാലത്ത് ഗറില്ലാ നേതാവായിരുന്നു താഖി.

കൊസോവോയിൽ പ്രസിഡന്റ് പദവി കൂടുതലും ഔപചാരികമാണ്. എന്നിരുന്നാലും വിദേശ നയങ്ങളിലും സുപ്രധാന പങ്കുവഹിക്കുകയും സായുധ സേനയുടെ കമാണ്ടർ പദവിയിൽ ഇരിക്കുന്ന ആളുമാണ് പ്രസിഡന്റ്. 2008 ലാണ് കൊസോവോ സ്വാതന്ത്രമായത്.

നൂറിലധികം രാജ്യങ്ങൾ കൊസോവയെ രാജ്യമായി അംഗീകരിക്കുമ്പോഴും സെർബിയയോ സെർബിയൻ സഖ്യ രാജ്യങ്ങളായ റഷ്യയും ചൈനയും ഇതുവരെ അംഗീകരിച്ചിട്ടില്ല.സിംഗപൂർ പ്രസിഡന്റ് ഹലീമാ യാഖൂബ് , ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ , ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹമീദ് എന്നിവർക്ക് ശേഷം നിലവിൽ അധികാരത്തിലിരിക്കുന്ന മറ്റൊരു മുസ്‌ലിം പ്രസിഡന്റ് കൂടിയാണ് വ്യോസ ഒസ്മാനി സദ്ര്യു