വാക്​സിനെടുത്ത്​ ആഴ്ചകൾ കഴിഞ്ഞ്​ കൊറോണ​ പോസിറ്റീവായി അർജൻറീന പ്രസിഡൻറ്​

ബ്യൂണസ്​ ഐറിസ്​: അർജൻറീന പ്രസിഡൻറ്​ ആൽബെർ​ട്ടോ ഫെർണാണ്ടസ്​ കൊറോണ പോസറ്റീവ് ആയി.​ വാക്​സിൻ സ്വീകരിച്ച്‌​ ആഴ്ചകൾ കഴിഞ്ഞ ശേഷമാണ് അദ്ദേഹം കൊറോണ ബാധിതനായത്. രാജ്യത്ത്​ ആദ്യമായി വൈറസിനെതിരെ വാക്​സിൻ സ്വീകരിച്ചവരിലൊരാളാണ്​ പ്രസിഡൻറ്​ ഫെർണാണ്ടസ്​.

കഴിഞ്ഞ ഡിസംബറിലാണ്​ രണ്ടര കോടി ഡോസ്​ വാക്​സിൻ രാജ്യത്തെത്തിയത്​. ജനുവരി 21ന്​ അദ്ദേഹം വാക്​സിൻ സ്വീകരിക്കുകയും ചെയ്​തു. റഷ്യയുടെ സ്​പുട്​നിക്​ വി വാക്​സിനാണ്​ രാജ്യത്ത്​ ഉപയോഗിച്ചുവരുന്നത്​.

ജന്മദിനമായ കഴിഞ്ഞ വെള്ളിയാഴ്ച പനിയും തലവേദനയും വന്ന്​ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ കൊറോണ​ പോസിറ്റീവാണെന്ന്​ തെളിഞ്ഞു. രോഗബാധ സ്​ഥിരീകരിച്ചതോടെ സാമൂഹിക അകലം പാലിക്കുന്നതായും ഏകാന്തതയിലേക്ക്​ മാറിയതായും അദ്ദേഹം പറഞ്ഞു.