ഇന്ത്യയുമായി ഒരു തരത്തിലുള്ള വ്യാപാരഇടപാടും നടത്താനാവില്ലെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും കരാറിനില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിൽ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ നടപടികൾ തുടങ്ങിയെന്ന വാർത്ത വന്നതിനു പിന്നാലെയാണ് ഇമ്രാൻ ഖാൻ ഇതിനെതിരെ രംഗത്തെത്തിയത്. പാകിസ്ഥാൻ ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വെള്ളിയാഴ്ചയാണ് മന്ത്രിസഭയിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. നേരത്തെ മാർച്ച്‌ 23ന് ഇമ്രാൻ ഖാൻ അദ്ധ്യക്ഷനായ ക്യാബിനറ്റ് ഇക്കോണമിക് ഫോറം തന്നെയാണ് ഇന്ത്യയിൽ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ നിർദേശം നൽകിയത്. ഇത് വലിയ ചർച്ചയായതിനെത്തുടർന്നാണ് തീരുമാനം പിൻവലിക്കാൻ തയയാറായത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്നാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ നിന്നും പിന്മാറുന്നത്. ആർട്ടിക്കിൾ 370 ആഗസ്റ്റ് 5,2019ന് പിൻവലിച്ചതോടെ പാകിസ്ഥാൻ ഇന്ത്യയുമായുള്ള സാധാരണ ബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വ്യാപര ബന്ധത്തിലും തുടരാനാണ് തീരുമാനം-വെള്ളിയാഴ്ചത്തെ യോഗത്തിന് ശേഷം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷി അറിയിച്ചു.