സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ കപ്പൽ വീണ്ടും നീങ്ങി തുടങ്ങി

കയ്റോ: ഈജിപ്തിലെ സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾ വിജയിച്ചു. കപ്പൽ വീണ്ടും നീങ്ങി തുടങ്ങി. ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്നർ കപ്പലുകളിലൊന്നായ എവർഗിവൺ ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലിൽ കുടുങ്ങിയത്. ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്.

എവർഗിവൺ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കനാലിന് ഏകദേശം കുറുകെയാണ് എവർഗിവൺ നിലയുറപ്പിച്ചിരുന്നത്. ചൈനയിൽ നിന്ന് നെതർലൻഡിലെ റോട്ടർഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.

എവർ ഗ്രീൻ എന്ന തായ്വാൻ കമ്പനിയുടെ എവർ ഗിവൺ എന്ന കപ്പലിന് നാല് ഫുട്ബോൾ ഫീൽഡിനേക്കാളും നീളമുണ്ട്(400 മീറ്റർ). 193 കി.മീ നീളമുള്ള സൂയസ് കനാലിന് കുറുകെയാണ് ചൊവ്വാഴ്ച മുതൽ ഈ ചരക്കുക്കപ്പൽ കുടുങ്ങിയത്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പൽ ഗതാഗതം പൂർണമായും സ്തംഭിക്കുകയായിരുന്നു.

ക്രൂഡ് ഓയിൽ അടക്കം കോടിക്കണക്കിന് ബില്ല്യൺ വിലമതിക്കുന്ന ചരക്കുകളാണ് എവർ ഗിവണിലും പിന്നാലെ കുടുങ്ങിയ കപ്പലിലുമുള്ളത്. കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്. 2017 ൽ ജപ്പാനിൽ നിന്നുള്ള ചരക്കുകപ്പൽ സാങ്കേതികത്തകരാറ് മൂലം നിന്നതിനെ തുടർന്ന് കനാലിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ കപ്പലിനെ നീക്കാൻ സാധിച്ചിരുന്നു.