ടോക്കിയോ: ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. ഭൂചലനത്തെ തുടർന്ന് ജപ്പാൻറെ തലസ്ഥാനമായ ടോക്കിയോയിലും പ്രകമ്പനം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിൻറെ പശ്ചാത്തലത്തിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
വടക്ക്- കിഴക്കൻ ജപ്പാനിലെ മിയാഗി പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.ചില വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളൽ വീണിട്ടുണ്ട്.
മിയാഗിയിൽ ഒരു മീറ്റർ ഉയരത്തിൽ സുനാമിയ്ക്ക് സാധ്യതയുണ്ടെന്നാണ് ജപ്പാൻ മെറ്ററോളജിക്കൽ ഏജൻസി നൽകിയ മുന്നറിയിപ്പ്. ആദ്യത്തെ സുനാമി തരംഗം ഇതിനകം തന്നെ ഇഷിനോമാക്കി നഗരത്തിൻ്റെ കരയോട് അടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതേതുർന്ന് അധികൃതർ മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.