കൊൽക്കത്ത: ബംഗാളിൽ കൊറോണ വാക്‌സീൻ സ്വീകരിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചെന്ന് റിപ്പോർട്ട്. രണ്ടാഘട്ടത്തിൽ കൊറോണ വാക്‌സീൻ സ്വീകരിച്ച, 60 വയസിന് മുകളിലൂളള രണ്ട് പേരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഡാർജലിങ് സ്വദേശിയായ പാരുൾ ദുത്ത ( 75 ), ദുഗ്‌പുരി സ്വദേശിയായ കൃഷ്‌ണ ദുത്ത (65 ) എന്നിവർ മാർച്ച് എട്ടിനാണ് കൊറോണ വാക്‌സീൻ സ്വീകരിച്ചത് കോവിഷീൽഡ് വാക്‌സീനാണ് ഇവർക്ക് നൽകിയത്. ഇരുവർക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. വാക്‌സീൻ സ്വീകരിച്ചതിനെ തുടർന്ന് മൂന്ന് പേരാണ് പശ്ചിമ ബംഗാളിൽ ഇതുവരെ മരിച്ചത്.
5,77,511 പേർക്ക് ബംഗാളിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 3,110 പേരാണ് നിലവിൽ ചികിൽസയിലുളളത്. ആരോഗ്യപ്രവർത്തകരുൾപ്പടെ 85,519 പേർക്ക് ഇതുവരെ വാക്‌സീൻ നൽകി.