ജക്കാർത്ത: ഇൻഡോനേഷ്യയിലെ വടക്കൻ സുമാത്രയിൽ സിനബന്ദ് അഗ്നിപർവതത്തിൽ വീണ്ടും സ്‌ഫോടനങ്ങൾ.13 സ്ഫോടങ്ങളാണ് ചൊവ്വാഴ്ച മാത്രം ഉണ്ടായത്.ഇതോടെ ആകാശം വിചിത്രനിറത്തിലായി. തുടർച്ചയായി സംഭവിക്കുന്ന സ്‌ഫോടനങ്ങൾ കാരണം അഗ്നിപർവതത്തിന് മുകളിൽ മിന്നലുണ്ടായതോടെയാണ് ആകാശം പർപ്പിൾ നിറത്തിൽ കാണപ്പെട്ടത്.
ആയിരക്കണക്കിന് അടി മുകളിലേക്ക് പുക തുപ്പിക്കൊണ്ടിരുന്ന അഗ്നിപർവതത്തിനു സമീപം മിന്നൽപിണറുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് അപൂർവ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്. അഗ്നി പർവതത്തിനു സമീപത്തായി അന്തരീക്ഷം ഈർപ്പവും മൂടൽ മഞ്ഞും പൊടിപടലങ്ങളും മൂടിയ നിലയിലാണ്. ഇവയിലൂടെ മിന്നലിന്റെ പ്രകാശം കടന്നുപോയതോടെ ആകാശം പർപ്പിൾ നിറത്തിൽ കാണപ്പെടുകയായിരുന്നു.
സിനബന്ദ് അഗ്നിപർവതത്തിന് 8530 അടി ഉയരമുണ്ട്. കഴിഞ്ഞ പത്തുവർഷമായി പർവതത്തിൽ അപകടകരമാം വിധം സ്ഫോടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് . അതിനു ശേഷം അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് 25 ആളുകളാണ് ഇതുവരെ അവിടെ മരണപ്പെട്ടത്. എന്നാൽ കഴിഞ്ഞ ആഴ്ച ഉണ്ടായ സ്‌ഫോടനത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല.
അഗ്നിപർവതത്തിന്റെ മൂന്നര കിലോമീറ്റർ ചുറ്റളവിൽ ജനങ്ങൾ പ്രവേശിക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശം നല്കിയിട്ടുള്ളതായി ഇന്തോനേഷ്യയുടെ വോൾക്കാനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ സെന്റർ അറിയിച്ചു.
സ്‌ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ കനത്ത പുക ഉണ്ടാകുന്നതിനാൽ പ്രദേശവാസികൾ കൂടുതലും വീടിനുള്ളിൽ തന്നെ കഴിയുകയാണ്. 17,000- ത്തോളം ദ്വീപുകൾ അടങ്ങിയ ഇന്തോനേഷ്യൻ ദ്വീപ സമൂഹത്തിൽ 130 അഗ്നിപർവതങ്ങളാണുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷമാണ് അഗ്നിപർവതം കൂടുതൽ ശക്തി പ്രാപിച്ചത്.