ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കടലിൽ മുങ്ങി മരിച്ചു

ലണ്ടൻ: കടലിൽ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടർ മുങ്ങി മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണു ബ്രിട്ടനിലെ പ്ലിമത്തിൽ മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം നടന്നത്.

ശൈത്യകാലത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച തെളിവെയിൽ ആസ്വദിക്കാൻ നിരവധി പേരാണ് പ്ലിമത്തിലെ ബീച്ചിലെത്തിയത്. ഇങ്ങനെ എത്തിയതായിരുന്നു ഡോ. രാകേഷും. റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുമ്പാണ് ഗൾഫിൽനിന്നും ബ്രിട്ടനിലെത്തിയത്.

നീന്താൻ കടലിൽ ഇറങ്ങിയ രാകേഷ് തിരയിലും ചുഴിയിലും പെട്ടെന്നാണു കരുതപ്പെടുുന്നത്. അത്ര സുരക്ഷിതമല്ലാത്ത കടൽതീരമാണു പ്ലിമത്തിലേത്. രാകേഷ് കടലിൽ ഇറങ്ങി ഏറെനേരമായിട്ടും കാണാതായതോടെ കൂടെയെത്തിയവർ ബഹളം വച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി നടത്തിയ അന്വേഷണത്തിലാണു രാകേഷിനെ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലിമത്ത് ആൻഡ് ഡെവൺ പൊലീസ് വിശദാംശങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ദുബായിലെ പ്രശസ്തമായ റാഷിദ് ആശുപത്രിയിൽ അടക്കം ജോലി ചെയ്തിട്ടുള്ള രാകേഷ് പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലാണു ജോലി ചെയ്തിരുന്നത്. ഭാര്യ ഷാരോൺ രാകേഷ് ഹോമിയോപ്പതി ഡോക്റാണ്.