ഓസ്ട്രേലിയയിൽ ഉള്ളടക്കം പങ്കിടുന്നതിന് ഫെയ്സ്ബുക്കും ഗൂഗിളും മാധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണം

കാൻബെറ: രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്ക് ഉള്ളടക്കം പങ്കിടുന്നതിന് ഫെയ്സ്ബുക്കും ഗൂഗിളും മാധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണം. ഫെയ്സ്ബുക്കും ഗൂഗിളുമടക്കമുള്ള ടെക് ഭീമന്മാർ പ്രതിഫലം നൽകണമെന്ന നിയമം ഓസ്ട്രേലിയ പാസാക്കി. ഓസ്ട്രേലിയൻ പാർലമെന്റ് ഇതു സംബന്ധിച്ച ബില്ലിന് അനുമതി നൽകി.

ഇനിമുതൽ ഓസ്ട്രേലിയയിലെ മാധ്യമസ്ഥാപനങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം ടെക് കമ്പനികളിൽനിന്ന് ലഭിക്കുമെന്ന് ട്രഷറർ ജോഷ് ഫ്രൈഡെൻബെർഗ് പറഞ്ഞു. സർക്കാരും കമ്പനികളും തമ്മിലുള്ള മാസങ്ങൾ നീണ്ട തർക്കങ്ങൾക്കാണ് ഇതോടെ അറുതിയായത്.
അതേസമയം, പ്രതിഫല വിഷയത്തിൽ മാധ്യമങ്ങളുമായി കമ്പനികൾ ധാരണയിലെത്താൻ ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്.

ഫെയ്സ്ബുക്ക് സി.ഇ.ഒ. മാർക്ക് സക്കർബർഗുമായി ഫ്രൈഡെൻബെർഗ് നടത്തിയ ചർച്ചയിലെ ധാരണയനുസരിച്ചുള്ള ഭേദഗതികളും നിയമത്തിൽ വരുത്തിയിട്ടുണ്ട്. ഭേദഗതികൾക്കുപകരമായി ഓസ്ട്രേലിയയിൽ തങ്ങളുടെ പ്ലാറ്റ്ഫോം വഴി വാർത്തകൾ പങ്കിടുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഫെയ്സ്ബുക്ക് ചൊവ്വാഴ്ച പിൻവലിച്ചിരുന്നു.

അതേസമയം, പുതിയ നിയമം ഇപ്പോൾ നടപ്പാക്കാൻ തയ്യാറായിരിക്കുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുമായി പ്രതിഫലവിഷയത്തിൽ ഗൂഗിൾ ഇതിനകം തന്നെ ധാരണയിലെത്തിയിട്ടുണ്ട്.