ഇരുന്നൂറിലധികം യാത്രക്കാരുമായി അമേരിക്കയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് ആകാശത്തുവച്ച് എൻജിൻ തകരാർ

വാഷിംഗ്ടൺ: ഇരുന്നൂറിലധികം യാത്രക്കാരുമായി യുഎസിലെ ഡെൻവറിൽനിന്ന് പറന്നുയർന്ന വിമാനത്തിന് ആകാശത്തുവച്ച് എൻജിൻ തകരാർ. യുണൈറ്റഡ് എയർലൈൻസിന്റെ വിമാനമാണ് ഹവായിലേക്കു പോകുന്നതിനായി പറന്നുയർന്ന ഉടനെ തകരാറിലായത്. ബോയിങ് 777–200 വിമാനത്തിൽ 231 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായത്.

എന്‍ജിനിൽ നിന്നു തീ ഉയർന്ന ഉടനെ വിമാനം താഴെയിറക്കി. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനത്തിന്റെ ഒരു ഭാഗം അടർന്നു താഴേക്കു പതിച്ചെങ്കിലും സുരക്ഷിതമായി ലാൻഡിങ് നടത്തിയതായി അധികൃതർ അറിയിച്ചു.

പൊട്ടിത്തെറിക്കു പിന്നാലെ ഞങ്ങൾ മരിക്കാൻ പോകുകയാണെന്നാണു തോന്നിയതെന്ന് യാത്രക്കാരനായ ഡേവിഡ് ഡെലൂഷ്യ യുഎസ് മാധ്യമത്തോടു പറഞ്ഞു. വിമാനത്തിലുണ്ടായിരുന്നവരെ മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കിയതായി യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.

ഉടൻ യാത്രയ്ക്ക് താൽപര്യമില്ലാത്തവർക്കു താമസ സൗകര്യവും ഏർപ്പാടാക്കി. വി‌മാനത്തിന്റെ ഭാഗം തകർന്നു ഭൂമിയില്‍ പതിച്ചതോടെ ഡെൻവറിലെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു.