കുവൈറ്റിൽ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി

കുവൈറ്റ് : വിദേശികൾക്ക് കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇതോടെ ഇന്ന് മുതൽ വിദേശികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റിൽ വിദേശികൾക്ക് പ്രവേശനം നൽകില്ല.

ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. കൊറോണ സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. ഫെബ്രുവരി 21 മുതൽ എല്ലാ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കും നേരിട്ട് പ്രവേശിക്കാൻ വ്യോമയാന അധികൃതർ നേരത്തെ അനുമതി നൽകിയിരുന്നു. ഈ തീരുമാനമാണ് റദ്ദാക്കിയത്.

അതേസമയം സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം നൽകും.

ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റീനിൽ കഴിയേണ്ടത്. നേരത്തെ ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.