മാർസ് 2020 പെഴ്സിവിറൻസ് റോവർ; ചരിത്രത്തിലെ ഏറ്റവും വലിയ ചൊവ്വ ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ ലോകം

വാഷിംഗ്‌ടൺ: ചൊവ്വയിലെ സൂക്ഷ്മ ജീവികളെക്കുറിച്ച് അറിയാൻ ചൊവ്വയുടെ ഉപരിതലത്തിലേയ്ക്ക് നാസയുടെ വമ്പൻ ദൗത്യമായ മാർസ് 2020 പെഴ്സിവിറൻസ് റോവർ ഇറങ്ങുന്നു. മനുഷ്യ രാശിയുടെ ചരിത്രത്തിൽ നിർണ്ണായകമാകാൻ സാധ്യതയുള്ള ഏറ്റവും വലിയ ചൊവ്വ ദൗത്യത്തിനാണ് ഈ മാസം 18 ന് ലോകം സാക്ഷ്യം വഹിക്കുക. ചൊവ്വയുടെ വടക്കൻ മേഖലയിലുള്ള ജസീറോ കേറ്ററിലാണ്‌ റോവർ പറന്നിറങ്ങി തൊടുന്നത്. നാസ ചൊവ്വയിലേക്ക് അയയ്ച്ച ഏറ്റവും വലിയതും ഭാരം കൂടിയതും ആധുനികവുമായ വാഹനം കൂടിയാണിത്.

ചൊവ്വയിലെ ഗർത്തങ്ങൾ, പാറക്കെട്ടുകൾ, ഭൂമി ശാസ്ത്രപരവും കാലാവസ്ഥാപരവുമായ കാര്യങ്ങൾ അറിയുക എന്ന ലക്ഷ്യങ്ങൾ കൂടിയുണ്ട് ദൗത്യത്തിന് പിന്നിൽ. ചിത്രങ്ങൾ പകർത്താനും അതിനൊപ്പം വിവരങ്ങൾ ഭൂമിയിലേയ്ക്ക് അയച്ച് നൽകാൻ കഴിയും.

വിവരങ്ങൾ അതിവേഗം ശേഖരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമായി ഏഴ് ശാസ്ത്രീയ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് 23 ക്യാമറകളാണ് റോവറിൽ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ലാൻഡറുകളുടെ പ്രത്യേകത അവ നിശ്ചലമാണെന്നാണ്. ഇറങ്ങുന്നയിടത്ത് ഒരേ ഇരിപ്പ് ഇരുന്നായിരിക്കും ഇവയുടെ നിരീക്ഷണ പരീക്ഷങ്ങൾ. ഈ ന്യുനത മറി കടക്കുന്നവയാണ് റോവറുകൾ. ഇത് ചൊവ്വയുടെ ഉപരിതലത്തിൽ ഓടി നടന്ന് വിവരങ്ങൾ ശേഖരിക്കും.

ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിൽ തുടങ്ങി ഉപരിതലം തൊടുന്നത് വരെയുള്ള ഘട്ടം റോവർ, ലാൻഡർ ദൗത്യങ്ങൾക്ക് വളരെ നിർണായകമാണ്. ഭീകരതയുടെ 7 മിനിറ്റുകൾ എന്നറിയപ്പെടുന്ന ഈ ദൗത്യം പേര് സൂചിപ്പിക്കുന്നത് പോലെ കഠിനമായിരിക്കും. മണിക്കൂറിൽ ഇരുപതിനായിരം കിലോമീറ്റർ വേഗതയിലായിരിക്കും പെഴ്സിവിറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുക.

ചൊവ്വയുമായി ബന്ധപ്പെട്ട കൂടുതൽ കണ്ടുപിടുത്തങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ പദ്ധതി. ചൈനയുടെ റോവർ ദൗത്യമായ ടിയാൻവെൻ -1 ഉം ചൊവ്വയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അത് മേയിൽ ചൊവ്വ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ ഗവേഷണത്തിൽ ചൈനയുടെ നിർണ്ണായക മുന്നേറ്റമാകും ടിയാൻവെൻ -1 ദൗത്യം ചൊവ്വയെ സംബന്ധിച്ച് നിരവധി കണ്ടെത്തലുകൾ നാസ മുൻപ് നടത്തിയിരുന്നു.