ദമാസ്കസ്: സിറിയ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ സിറിയക്കാരല്ലാത്ത ആറു പേർ കൊല്ലപ്പെട്ടു. സർക്കാർ അനുകൂലികളായ പോരാളികളാണ് കൊല്ലപ്പെട്ടത്. യുകെ ആസ്ഥാനമായുള്ള ഒരു യുദ്ധ നിരീക്ഷണ ഏജൻസിയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
ദമാസ്കസിന് ചുറ്റുമുള്ള ആയുധ ഡിപ്പോകളും മിസൈൽ സ്റ്റോറുകളുമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് മേധാവി റാമി അബ്ദുറഹ്മാൻ പറഞ്ഞു.
‘ഇസ്രയേലിന്റെ ഭൂരിഭാഗം മിസൈലുകളെയും സിറിയയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. പക്ഷേ ചില മിസൈലുകൾ ലക്ഷ്യത്തിലെത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കി.’ -സിറിയയിലെ വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് റാമി അബ്ദുറഹ്മാൻ പറഞ്ഞു.
ദമാസ്കസിനു മുകളിൽ ഇസ്രയേലിന്റെ മിസൈലുകളെ തടഞ്ഞതായി സിറിയൻ സൈന്യം തിങ്കളാഴ്ച അറിയിച്ചിരുന്നു. അർധരാത്രിക്ക് ശേഷം ആരംഭിച്ച ആക്രമണം അരമണിക്കൂറോളം നീണ്ടുനിന്നു. എന്തായിരുന്നു ആക്രമണങ്ങളുടെ ലക്ഷ്യമെന്നും എത്ര പേർക്ക് അപകടം പറ്റിയെന്നും സിറിയൻ സൈന്യം വ്യക്തമാക്കിയില്ല.
ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഗോലാൻ കുന്നുകൾക്ക് മുകളിൽ പറന്ന് ദമാസ്കസിന് പുറത്തുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായി സിറിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കഴിയില്ലെന്നാണ് ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞത്.