ബിഷപ് സിനഡിന് ആദ്യ വനിതാ അണ്ടർ സെക്രട്ടറി; സിസ്റ്റർ നഥാലി ബെക്വാർട്ടിന

വത്തിക്കാൻ: ബിഷപ്പുമാരുടെ സിനഡിലേക്ക് ആദ്യമായി ഒരു വനിതയെ തെരഞ്ഞെടുത്ത് ഫ്രാൻസിസ് മാർപ്പാപ്പ. ബിഷപ്പ് സിനഡിലെ അണ്ടർ സെക്രട്ടറി പദവിയിലേക്കാണ് ഫ്രാൻസ് സ്വദേശിനിയായ സിസ്റ്റർ നഥാലി ബെക്വാർട്ടിനെ ഫ്രാൻസിസ് മാർപ്പാപ്പ തെരഞ്ഞെടുത്തത്. 2018 മുതൽ സിനഡിൽ കൺസൾട്ടൻറ് ആയി സേവനം ചെയ്യുന്ന വനിതയാണ് നഥാലി. ഇവരെക്കൂടാതെ ഫാ. ലൂയി മരിന്‍ ഡി സാന്‍ മാര്‍ട്ടിനെയും അണ്ടർസെക്രട്ടറിയായി സിനഡിലേക്ക് മാർപ്പാപ്പ നിയമിച്ചു.1965ല്‍ പോള്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സ്ഥാപിച്ച മെത്രാന്മാരുടെ സിനഡ്, മാര്‍പാപ്പയുടെ ഉപദേശക സമിതിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി നിലവില്‍ ഷിക്കാഗോയിലെ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയനില്‍ വത്തിക്കാന്‍ സാബട്ടിക്കല്‍ പോഗ്രാമുകളുടെ ചുമതല വഹിക്കുകയാണ്. വനിതകളുടെ സജീവമായ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനാണ് മാർപ്പാപ്പയുടെ പുതിയ തീരുമാനം. ഗണിതശാസ്ത്ര അധ്യാപികയും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റും ആയി പ്രവര്‍ത്തിച്ചിട്ടുള്ള സിസ്റ്റര്‍ നതാലി 1995ലാണ് മിഷണറീസ് ഓഫ് ക്രൈസ്റ്റ് ജീസസ് എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നത്.

സ്‌പെയിന്‍കാരനായ ഫാ. ലൂയി മരിന്‍ അഗസ്റ്റീനിയന്‍ സന്യാസസമൂഹാംഗവും ബര്‍ഗോസിലെ തിയോളജി ഫാക്കല്‍റ്റിയില്‍ പ്രഫസറുമാണ്. ഇടവക വികാരി, ആശ്രമാധിപന്‍, ധ്യാനഗുരു, സന്യാസ പരിശീലകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസ മൂഹത്തിന്റെ അസിസ്റ്റന്റ് ജനറാളുമായിരുന്നു.

കത്തോലിക്കാ സഭയുടെ തീരുമാനം എടുക്കുന്ന സമിതിയിലേക്ക് വനിതകളുടെ പങ്ക് ഉയർത്താൻ ഉതകുന്നതായാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ തീരുമാനത്തെ വിലയിരുത്തുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദഗ്ധരായും കേൾവിക്കാരായും സിനഡിൽ പങ്കെടുക്കുന്ന വനിതകളുടെ എണ്ണം കൂടുതലാണെന്നും കർദ്ദിനാൾ മരിയോ ഗ്രെച്ച് പ്രതികരിക്കുന്നത്.

ഫ്രാൻസിൽ നിന്നുള്ള സന്യസ്തയായ നഥാലി 2019 മുതൽ സിനഡ് കൺസൾട്ടൻറാണ്. ഇനിമുതൽ സിനഡിലെ വോട്ടിംഗിൽ പങ്കെടുക്കാനുള്ള അവസരമാണ് സിസ്റ്റർ നഥാലിക്ക് ഒരുങ്ങുന്നത്. വോട്ട് ചെയ്യാനധികാരമുള്ള ബിഷപ്പുമാരും കർദ്ദിനാളുമാരും വോട്ട് അവകാശമില്ലാത്ത വിദഗ്ധരും ചേർന്നതാണ് സിനഡ്. സിനഡിൻ്റെ ശരത്കാല സമ്മേളനം നടക്കുക 2022ലാണ്.