അമേരിക്ക- റഷ്യ ആണവ കരാർ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു

വാഷിംഗ്ടൺ: റഷ്യ-അമേരിക്ക ആണവ കരാർ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ന്യൂ സ്റ്റാർട്ട് എന്ന പേരിൽ തന്നെയാണ് കരാർ ദീർഘിപ്പിക്കാൻ ബൈഡൻ ഭരണകൂടം പുടിൻ ഭരണകൂടവുമായി ധാരണയിലെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിലാണ് കരാർ ദീർഘിപ്പിക്കൽ നടപടികൾ അമേരിക്കൻ നടന്നത്.

ദീർഘിപ്പിച്ച കരാർ പ്രകാരം റഷ്യയുടെ ആണവായുധങ്ങൾ പുറമേയ്ക്ക് പോകുന്നതിനും കനത്ത ബോംബാക്രമണം നടത്താൻ ശേഷിയുള്ള സംവിധാനങ്ങളുടെ നിയന്ത്രണങ്ങളിലും 2026 ജൂൺ 5 വരെ പരസ്പര ധാരണ തുടരും. ഇതിനൊപ്പം ഇരുരാജ്യങ്ങൾക്കും പ്രത്യേക ഘട്ടങ്ങളിൽ പരസ്പ്പരം ആണവ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള അനുമതിയും തുടരും.

മേഖലയിലെ സമ്മർദ്ദങ്ങൾ വർദ്ധിക്കാനിടയുള്ളതിനാൽ കരാർ ദീർഘിപ്പിക്കുന്നത് വഴി മാരകപ്രഹരശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം ഇരുരാജ്യങ്ങൾക്കും നിയന്ത്രിക്കാനാകും. 2010ലാണ് ബരാക് ഒബാമയും ദിമിത്രി മെഡ് മെഡേവും ആണവായുധ നിയന്ത്രണ കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും ചേർന്ന് ആകെ 1550 ആണവായുധങ്ങളിൽ കൂടുതൽ തയ്യാറാക്കിവയ്ക്കരുതെന്ന നിയന്ത്രണം കർശനമായി പാലിക്കപ്പെട്ടിരിക്കുകയാണ്.