ഇന്ത്യൻ വംശജ ഭവ്യലാൽ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്

വാഷിംഗ്ടൺ : ഇന്ത്യൻ വംശജയായ ഭവ്യ ലാലിനെ യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു . യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസി അവലോകന ടീമിലെ അംഗമായിരുന്നു ഭവ്യ ലാൽ. 2005 മുതൽ 2020 വരെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനാലിസിസ് സയൻസ് ആൻഡ് ടക്നോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ( എസ്ടിപിഐ ) ഗവേഷണ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഭവ്യ.

ഭവ്യ ലാലിന് എൻജിനിയറിങ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ വിപുലമായ അനുഭവ പരിചയമുണ്ടെന്ന് നാസ പ്രസ്താവനയിൽ അറിയിച്ചു. എസ്ടിപിഐയിൽ എത്തുന്നതിന് മുമ്പ് ശാസ്ത്ര സാങ്കേതിക പോളിസി ഗവേഷണ കൺസൾട്ടിങ് സ്ഥാപനമായ സി എസ് ടി പി എസ് എൽ എൽ സി പ്രസിഡന്റായിരുന്നു ഭവ്യ.

കേംബ്രിഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഗോള പോളിസി ഗവേഷണ കൺസൾട്ടൺസി സ്ഥാപനമായ എബി ടി അസോസിയേറ്റിലെ സയൻസ് ആൻഡ് ടെക്നോളജി പോളിസി പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

മാസച്യുസെറ്റ്സ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയാർ എൻജിനിയറിങിൽ ബിരുദവും ബിരുദാനന്ത ബിരുദവും ടെക്നോളജി ആൻഡ് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജോർജ് വാഷിങ്ടൺ യൂണിവേഴ്സ്റ്റിയിൽ നിന്ന് പബ്ലിക് പോളിസിയിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.