വൂഹാൻ: കൊറോണ ബാധിച്ച് വൂഹാനിൽ മരിച്ചവരുടെ ബന്ധുക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്ത് ചൈനീസ് അധികൃതർ. ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) വിദഗ്ധരുടെ സന്ദർശനത്തോടനുബന്ധിച്ചാണ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്തതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. വൂഹാനിലെ കൊറോണ ഉത്ഭവത്തെ കുറിച്ച് പഠിക്കാനാണ് ഡബ്ല്യു.എച്ച്.ഒ സംഘം എത്തിയത്.
വൈറസ് പടർന്നുപിടിക്കുന്നത് തടയാൻ ചൈനീസ് ഭരണകൂടത്തിൻ്റെ ഭാഗത്തുണ്ടായ വീഴ്ചകളെ കുറിച്ച് സമൂഹ മാധ്യമം വഴി പങ്കുവെക്കാൻ നിരവധി ആളുകളാണ് മുന്നോട്ടുവന്നത്. എന്നാൽ അധികൃതരുടെ ഇടപെടലോടെ അതില്ലാതാവുകയായിരുന്നു. കൊറോണ ബാധിതരുടെ നൂറോളം കുടുംബങ്ങൾ ഒരുവർഷമായി ഉപയോഗിച്ചിരുന്ന വീ ചാറ്റ് അക്കൗണ്ടുകൾ ആണ് 10ദിവസം മുമ്പ് ഒരു വിശദീകരണവും നൽകാതെ ഡിലീറ്റ് ചെയ്തത്.
കുടുംബാംഗങ്ങൾ ഡബ്ല്യു.എച്ച്.ഒ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവെക്കുമോ എന്നുപേടിച്ചാണിതെന്ന് കൊറോണ ബാധിച്ച് മരിച്ചയാളുടെ ബന്ധു ചൂണ്ടിക്കാട്ടി. ജനുവരി 14നാണ് ഡബ്ല്യൂ.എച്ച്.ഒ സംഘം വൂഹാനിലെത്തിയത്. കൊറോണ സംബന്ധിച്ച വിവരങ്ങൾ ചൈന രഹസ്യമാക്കുന്നുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.