സൗദിയിൽ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും ഇനി മൂന്ന് മാസത്തേക്ക് പുതുക്കാം

റിയാദ്: സൗദിയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും തിരിച്ചറിയൽ രേഖയായ ഇഖാമയും ഇനിമുതൽ മൂന്ന് മാസത്തേക്ക് പുതുക്കാനാകും. ഇതു സംബന്ധിച്ച് സൗദി മന്ത്രി സഭ അംഗീകാരം നൽകി. നേരത്തെ കുറഞ്ഞത് ഒരുവർഷത്തേക്കായിരുന്നു നൽകിയിരുന്നത്. ഒരു വർഷത്തേക്കുള്ള ലെവി തുക ഒടുക്കിയാൽ ആയിരുന്നു ഇതുവരെ ഇക്കാമ ലഭിച്ചിരുന്നത്.

മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം മൂന്നു മാസത്തേക്കുള്ള ലെവി തുക ഒടുക്കി മൂന്നു മാസത്തേക്കു ഇക്കാമ പുതുക്കാനാകും. അടുത്ത മാർച്ച് മുതൽ വിദേശ തൊഴിലാളികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ സൗദിക്കുവെളിയിൽ പോകുവാനും സ്പോൺസർഷിപ്പ് മാറുവാനും അനുമതിയാകും.
ഈ സാഹചര്യത്തിലാണ് ഇക്കാമയും തൊഴിൽ പെർമിറ്റും മൂന്ന് മാസത്തേക്കു പുതുക്കാനുള്ള അനുമതി നൽകുന്നത്.

വീട്ടുവേലയുമായി ബന്ധപ്പെട്ട വിദേശ തൊഴിലാളികൾക്ക് മൂന്നുമാസത്തേക്കുമാത്രമായി ഇക്കാമ പുതുക്കാനാവില്ല. ഇവർ കുറഞ്ഞത് 600 റിയാൽ ഫീസ് നൽകി ഒരുവർഷത്തേക്കുതന്നെ പുതുക്കണം.