ചൈനയിലെ സ്വര്‍ണഖനിയില്‍ രണ്ടാഴ്ച കുടുങ്ങിക്കിടന്ന തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു

ബീജിങ്: ചൈനയിലെ സ്വര്‍ണഖനിയില്‍ രണ്ടാഴ്ചയായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഖനിക്കുള്ളില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് പുറത്തേക്ക് വരാനുള്ള മാര്‍ഗം അടഞ്ഞത്. തലക്ക് ഗുരുതരമായി അബോധാവസ്ഥയിലായ ഒരാള്‍ മരിച്ചു.

ഷാഡോങ് പ്രവിശ്യയിലെ ഖിഷിയയിലാണ് സംഭവം.ഖനിയില്‍11 പേരാണ് ജനുവരി 10ന് ജോലിക്കിടെ കുടുങ്ങിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്ന് ഖനി മാനേജരെ കസ്റ്റഡിയിലെടുത്തിരുന്നു. കുടുങ്ങിയ തൊഴിലാളികള്‍ ശാരീരികമായി അവശതയിലായിരുന്നു. സുരക്ഷാ സംഘങ്ങളുമായി ആശയവിനിമയവും തടസ്സപ്പെട്ടിരുന്നു.

1900 അടി താഴ്ചയിലാണ് ഇവര്‍ കുടുങ്ങിയത്. പാറ തുളച്ച് അതിലൂടെയായിരുന്നു ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയത്. ഏറെ ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. ഖനിക്കുള്ളില്‍നിന്ന് ഓരോരുത്തരെ വീതമാണ് പുറത്തെത്തിച്ചത്. ഏറെ ദിവസം ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ കണ്ണുകള്‍ മൂടിയാണ് ഇവരെ പുറത്തെത്തിച്ചത്.