പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തിൽ;ആർക്കെതിരേയും മോശമായ ഒരു വാക്കു പോലുമില്ല; പുതിയ ഭരണകൂടത്തിന് പ്രാര്‍ഥനയുമായി ട്രംപിന്റെ വിടവാങ്ങൽ പ്രസംഗം

വാഷിംഗ്ടൺ : അമേരിക്കയെ കൂടുതൽ മഹത്തരമായ രാജ്യമാക്കാൻ നാലുവർഷം കൊണ്ട് തനിക്ക് കഴിഞ്ഞതായി അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞ ഡൊണാൾഡ് ട്രംപ്. തൻ്റെ ഭരണ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ ഇരുപത് മിനിറ്റ് നീണ്ട വിടവാങ്ങൽ പ്രസംഗത്തിൽ ആർക്കെതിരേയും മോശമായ ഒരു വാക്കു പോലും ട്രംപ് പറഞ്ഞില്ല. ഈ നേട്ടത്തിൽ തനിക്കൊപ്പം നിന്ന മുഴുവൻ ജനങ്ങൾക്കും അദ്ദേഹം നന്ദിപറഞ്ഞു.

മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള അമേരിക്കയ്ക്ക് എല്ലാ രംഗങ്ങളിലും ശക്തമായ മുന്നറ്റമുണ്ടായി. വലിയ സാമ്പത്തിക വളർച്ച നേടാൻ ഇക്കാലയളവിലായി. ആദ്യന്തരമായി അമേരിക്കൻ നിർമ്മിത സാധനങ്ങളുടെ ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ചു. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനായെന്ന് ട്രംപ് പറഞ്ഞു.

ദിവസങ്ങൾ നീണ്ട നിശ്ശബ്ദതയ്ക്കു ശേഷമായിരുന്നു ഡൊണാൾഡ് ട്രംപിൻ്റെ വിടവാങ്ങൽ സന്ദേശം.

“അമേരിക്കയുടെ പ്രസിഡന്റായി പ്രവർത്തിക്കാൻ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണ്. ഈ വിശേഷാധികാരത്തിന് ദൈവത്തിന് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു. പുതിയ ഭരണകൂടം നിലവിൽവരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പൽസമൃദ്ധവുമാക്കി നിലനിൽത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാർഥിക്കുന്നു. എല്ലാ ആശംസകളും അർപ്പിക്കുന്നു”, എന്ന് ബൈഡന്റെ പേര് എടുത്തു പറയാതെ പറഞ്ഞു.

തന്റെ ഭരണകാലത്ത് ആരും കരുതാതിരുന്ന വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചതായി ട്രംപ് വ്യക്തമാക്കി. നികുതി വെട്ടിക്കുറയ്ക്കൽ, ചൈനയുമായുള്ള ഇടപാടുകളിലെ തീരുവ കുറയ്ക്കൽ, ഊർജ്ജ സ്വയംപര്യാപ്തത, വളരെ കുറഞ്ഞ സമയംകൊണ്ട് കൊറോണ വാക്സിൻ വികസിപ്പിക്കൽ എന്നിങ്ങനെയുള്ള നേട്ടങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യത്തിനകത്തും വിദേശങ്ങളിലും അമേരിക്കയുടെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാൻ സാധിച്ചു. അമേരിക്കൻ സേനയുടെ ശക്തി വർധിപ്പിക്കുന്നതിനും മനോവീര്യം വളർത്തുന്നതിനും കഴിഞ്ഞു. മുമ്പെന്നത്തെക്കാൾ രാജ്യത്തെ കൂടുതൽ സുരക്ഷിതമാക്കി. തന്ത്രപരമായ നീക്കങ്ങളിലൂടെ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം പുലർത്താനായി.ലോകം അമേരിക്കയെ ബഹുമാനിക്കുന്നു. ആ ബഹുമാനം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടെയുമാണ്. ഒരു പുതിയ യുദ്ധ പോലും തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ട്രംപ് പറ‍ഞ്ഞു.

ഇന്ന് ഉച്ചയ്ക്കു ശേഷമാണ് (ഇന്ത്യൻ സമയം രാത്രി 12 ) പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും അധികാരമേൽക്കുന്നത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അധികാര കൈമാറ്റ ചടങ്ങിൽ പങ്കെടുക്കും. ചൊവ്വാഴ്ചതന്നെ ബൈഡൻ വിൽമിങ്ടണിലെ ഡെലാവറിൽനിന്ന് വാഷിങ്ടണിലെത്തിയിരുന്നു.