വാഷിംഗ്ടൺ: നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുമ്പേ വൈറ്റ് ഹൗസ് ഒഴിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ളോറിഡയിലേക്ക് പോകും മുൻപ് സൈനിക ബേസിൽ വച്ചു അണികളെ അഭിസംബോധന ചെയ്തു സംസാരിച്ച ട്രംപ് തനിക്ക് നൽകിയ പിന്തുണയ്ക്ക് അവർക്ക് നന്ദി പറഞ്ഞു.
ജോ ബൈഡനും കമലഹാരിസും യുഎസ് ക്യാപിറ്റോളിൽ മണിക്കൂറുകൾക്കുള്ളിൽ അധികാരമേൽക്കാനിരിക്കെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്നും പോയത്.
വൈറ്റ് ഹൗസിൽ നിന്നും അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തേക്കാണ് ട്രംപ് പോകുന്നത്. യുഎസ് എയർഫോഴ്സിൻ്റെ ഹെലികോപ്റ്ററിൽ വൈറ്റ് ഹൗസിൽ നിന്നും പോയ ട്രംപ് ആൻഡ്രൂസ് സൈനികബേസിൽ തന്റെ അണികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സൈനിക ബേസിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണിലാണ് ട്രംപ് ഫ്ളോറിഡയിലേക്ക് പോയത്.
നിയുക്ത പ്രസിഡൻ്റിൻ്റെ അധികാരമേൽക്കൽ ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ പങ്കെടുക്കുന്നതാണ് അമേരിക്കയിലെ കീഴ് വഴക്കം. തുടർന്ന് വൈറ്റ് ഹൗസിലേക്ക് പുതിയ പ്രസിഡൻ്റിനെ സ്വാഗതം ചെയ്യുന്നതും പഴയ പ്രസിഡൻ്റാണ്. വൈറ്റ് ഹൗസിൽ നിന്നും പുതിയ പ്രസിഡൻ്റ് പിന്നീട് പഴയ പ്രസിഡൻ്റിനെ യാത്രയാക്കുന്നതായിരുന്നു ഇതുവരെയുള്ള കീഴ് വഴക്കം.