റോം: കൊറോണ പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ച സാഹചര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് ലോകം. അത്തരത്തില്‍ ലോകത്തിന് പ്രതീക്ഷ തരുന്ന മറ്റൊരു വാര്‍ത്ത കൂടിയാണ് ഇറ്റലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് കൊറോണ വാക്സിനെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തികളില്‍ ഒരാളായി മാറിയിരിക്കുകയാണ് ഫാത്തിമ നെഗ്രിനി എന്ന ഇറ്റാലിയന്‍ വയോധിക.
108 വയസ്സാണ് ഫാത്തിമയ്ക്ക്. ഈ പ്രായത്തിലും വാക്സിന് സ്വീകരിച്ച ഫാത്തിമ ലോകത്തിന് പ്രതീക്ഷ നല്‍കുകയാണ്. കൊറോണ ബാധിച്ച് ഭേദമായ ശേഷമാണ് ഇവര്‍ വാക്സിനെടുക്കുന്നത്. ജൂണ്‍ മൂന്നിന് ഇവര്‍ക്ക് 109 വയസ്സ് പൂര്‍ത്തിയാകും. മിലനിലെ കെയര്‍ ഹോമില്‍ വച്ചാണ് ഇവര്‍ വാക്സിനെടുത്തത്. മറ്റ് അന്തേവാസികളും ഫാത്തിമയ്ക്കൊപ്പം വാക്സിനെടുത്തു.
വാക്സിനെടുത്തതില്‍ നെഗ്രിനിയും കൂടെയുള്ള അന്തേവാസികളും വളരെയേറെ സന്തോഷത്തിലാണ്. സമാധാനപൂര്‍ണമായ ഒരു ജീവിതത്തിലേയ്ക്കുള്ള മടങ്ങി വരവിന്റെ ആദ്യ ചുവടുവയ്പ്പായാണ് വാക്സിന്റെ വരവിനെ കാണുന്നതെന്ന് കെയര്‍ ഹോം അധികൃതര്‍ പറയുന്നു.
ഡിസംബര്‍ 27 മുതലാണ് ഇറ്റലിയില്‍ കൊറോണ വാക്സിന് വിതരണം ആരംഭിച്ചത്. ഇതുവരെ 1.15 മില്ല്യണ്‍ ആളുകള്‍ വാക്സിനെടുത്തുകഴിഞ്ഞു. റോമില്‍ നിന്നുള്ള 90 വയസ്സുള്ള മറ്റൊരാള്‍ക്കും കഴിഞ്ഞ ദിവസം വാക്സിന് നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.