ന്യൂഡെൽഹി: കൊറോണ വൈറസിനെതിരെ പോരാടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ കോവിഡ് വാക്സിനേഷൻ നിരസിക്കരുതെന്ന് കേന്ദ്ര സർക്കാർ. വാക്സിനേഷൻ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്നും ചെറിയ പാർശ്വഫലങ്ങൾ സാധരണമാണെന്നും നീതി ആയോഗ് അംഗം ഡോ വി.കെ പോൾ അഭ്യർഥിച്ചു.
വാക്സിൻ പ്രതികൂലഫലങ്ങൾ സംബന്ധിച്ച ആശങ്കകൾ അടിസ്ഥാനരഹിതവും നിസാരവുമാണെന്ന് തോന്നുന്നു. രണ്ട് വാക്സിനുകളും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ സ്വീകരിക്കേണ്ടവർ ആളുകളെ വാക്സിൻ കുത്തിവയ്പിൽനിന്നും പിന്തിരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ നിർമിക്കാൻ വലിയ പരിശ്രമമാണ് നടന്നത്.
ആരോഗ്യപ്രവർത്തകർ പ്രത്യേകിച്ചും ഡോക്ടർമാരും നഴ്സുമാരും വാക്സിൻ കുത്തിവയ്പ് നിരസിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. മഹാവ്യാധി എന്ത് രൂപം പ്രാപിക്കുമെന്ന് അറിയാൻ കഴിയില്ല. അത് അത്രയും വലുതായിരിക്കും. അതിനാൽ വാക്സിൻ സ്വീകരിക്കണമെന്നും ഡോ പോൾ ആവശ്യപ്പെട്ടു.