വാഷിംഗ്ടണിൽ 25,​000 സൈനികരെ വിന്യസിച്ചു; ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിന് അതീവ സുരക്ഷ

വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിന് അതീവ സുരക്ഷയൊരുക്കി സുരക്ഷാ ഉദ്യോഗസ്ഥർ. യുഎസ് കാപ്പിറ്റോളിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 20ന് നടക്കുന്ന ഉദ്ഘാടന പരിപാടിക്ക് ആഭ്യന്തര ആക്രമണം ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷഉറപ്പുവരുത്താൻ എഫ്ബ ഐ 25,​000 നാഷണൽ ഗാർഡ് സൈനികരെ തലസ്ഥാനത്ത് വിന്യസിച്ചത്.

ഒപ്പം സൈനീകരെ യു.എസ് നിയമ നിർവഹണ ഏജൻസികൾ പരിശോധിക്കുകയും ചെയ്തു. കാപ്പിറ്റോളിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്തവരിൽ ചിലർ സുരക്ഷാ ഏജൻസികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് പരിശോധന.

ജോ ബൈഡന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി സൗത്ത് കരോലിനയിലെ സ്റ്റേറ്റ് ഹൗസിൽ നിരവധി ആളുകൾ അമേരിക്കൻ പതാകയുമായി പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ട്രംപ് അനുകൂലികളും ഉദ്ഘാടനത്തിന് പ്രക്ഷോഭം നടത്തുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുത്തെ യു.എസ് കാപ്പിറ്റോളിന് ശക്തമായ സുരക്ഷയാണ് എഫ്.ബി.ഐ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനം സുരക്ഷിതമാക്കാനും ആഭ്യന്തര ആക്രമണങ്ങളോ മറ്റ് ഭീഷണികളോ ഉണ്ടാകുമെന്നതിൽ കടുത്ത ആശങ്കയാണ് ഉള്ളതെന്ന് യു.എസ് പ്രതിരോധ ഉദ്ധ്യോഗസ്ഥർ അറിയിച്ചു. 50 സ്റ്റേറ്റ് ആസ്ഥാനങ്ങളിൽ അതീവ സുരക്ഷ ഒരുക്കാനാണ് പൊലീസിന് എഫ്ബിഐയുടെ മുന്നറിയിപ്പ്.

മിഷിഗൻ, വിർജീനിയ, വിസ്കോസിൻ, പെൻസിൽവാനിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കും. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിനെ തുടർന്ന് ടെക്സസ് താത്കാലികമായി അടച്ചിരിക്കുകയാണ്.

ടെക്സസിൽ തീവ്രവാദ ഭീഷണിയുണ്ടെന്നും ആസൂത്രിത ആക്രമണം നടത്താൻ സാധ്യതുണ്ടെന്നും രഹസ്യാന്വേഷണ വകുപ്പ് അറിയിച്ചതായി ടെക്സസിലെ പൊതു സുരക്ഷാ വകുപ്പ് പറഞ്ഞു. അതേസമയം,​ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിയുന്ന മൈക്ക് പെൻസ് യുഎസ് സൈനികരെ സന്ദർശിച്ചു.