മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ വ്യവസായപ്രമുഖരുടെ പട്ടികയുമായി ഫോബ്‌സ്; ആദ്യ 15-ല്‍ പത്തും മലയാളികള്‍

അബുദാബി: ഫോബ്സ് പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവർക്കി, സുനിൽ വാസ്വാനി, രവിപിള്ള, പി.എൻ.സി മേനോൻ, ഡോ. ഷംസീർ വയലിൽ എന്നിവരാണ് പട്ടികയിലുള്ളത്.

മുതിർന്ന വ്യവസായ പ്രമുഖരാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും പുതുതലമുറയിൽപ്പെടുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അദീബ് അഹമ്മദ് പട്ടികയിൽ ഇടംനേടിയത് മിഡിൽ ഈസ്റ്റിൽ ചുവടുറപ്പിക്കുന്ന മലയാളി വ്യവസായികൾക്ക് വലിയ അംഗീകാരമാണ്. മിഡിൽ ഈസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായികളിൽ എട്ട് ശതകോടീശ്വരന്മാരാണുള്ളത്.

ഈ മേഖലയിൽ തുടക്കം കുറിച്ച് വളർന്ന യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള ഏറ്റവും വലിയ ബ്രാൻഡുകൾ ഇന്ത്യൻ പ്രവാസികളാണ് ആരംഭിച്ചത്. ചില്ലറവിൽപ്പന, വ്യവസായം, ആരോഗ്യ സേവനം, ബാങ്കിങ്, ധനകാര്യം തുടങ്ങി വിവിധമേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖരും 2021-ലെ ഫോബ്സ് പട്ടികയിൽ ഉൾപ്പെടുന്നു.