കൊറോണ വൈറസിൻ്റെ പുതിയ യുകെ വകഭേദം മാർച്ച് മാസത്തോടെ അമേരിക്കയിൽ പടർന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: കൂടുതൽ വ്യാപന ശേഷിയുള്ള കൊറോണ വൈറസിൻ്റെ പുതിയ യുകെ വകഭേദം മാർച്ച് മാസത്തോടെ അമേരിക്കയിൽ പടർന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിനോടകം 30 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദത്തെ നേരിടാൻ കൂടുതൽ ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്നും യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സിഡിഎസ്) മുന്നറിയിപ്പ് നൽകുന്നു.

കൊറോണ കാരണം ബുദ്ധിമുട്ടുന്ന ആരോഗ്യ മേഖലയ്ക്ക് 70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം കൂടുതൽ ഭീഷണി ഉയർത്തും. പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ജനങ്ങൾക്ക് സഞ്ചിത പ്രതിരോധം ആർജിക്കാനായുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സിഡിഎസ് നിർദേശം നൽകിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ചോടെ രോഗവ്യാപനം പ്രബലമാകുന്നതിന് മുമ്പ് 2021 തുടക്കത്തിൽ തന്നെ രജ്യത്തുടനീളം കൊറോണ കേസുകളിൽ പെട്ടെന്നുള്ള വർധനവ് പ്രതീക്ഷിക്കാമെന്നും സിഡിഎസ് മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവിൽ 76 പേർക്കാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

ജനങ്ങളെ വൈറസിൽ നിന്ന് സംരക്ഷിക്കാൻ വാക്സിൻ കുത്തിവെയ്പ്പ് വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മാസ്ക് ധരിക്കൽ, സാമൂഹിക അകലം എന്നീ സുരക്ഷാ മുൻകരുതൽ നടപടികൾ ശീലമാക്കണം. ഈ പ്രതിരോധ നടപടികൾ അധികം വൈകികാതെ എത്രയും പെട്ടെന്ന് നടപ്പാക്കിയാൽ കൂടുതൽ ഫലപ്രദമാകുമെന്ന് സിഡിഎസ് നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച യുഎസിൽ ഇതിനോടകം 2.3 കോടിയിലേറെ പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ലക്ഷത്തിനടുത്ത് ജീവൻ കൊറോണ കവരുകയും ചെയ്തു.