റഷ്യയിൽ നിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് ഇളവില്ലെന്ന് വ്യക്തമാക്കി അമേരിക്ക

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്ക. റഷ്യയിൽനിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്ന തുർക്കിക്ക് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കും മുന്നറിയിപ്പുമായി അമേരിക്ക എത്തിയിരിക്കുന്നത്.

മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്ന നടപടിയുമായി മുന്നോട്ട് പോയാൽ ഉപരോധം ഏർപ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള 550 കോടി ഡോളറിന്റെ കരാർ റദ്ദാക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി ഒഴിവാക്കണമെന്നുമാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടത്.

റഷ്യയിൽനിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്ന വാങ്ങുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസിന്റെ നിയമത്തിൽ ഇന്ത്യയ്ക്ക് ഇളവ് ലഭിക്കില്ലെന്നാണ് അവർ വ്യക്തമാക്കിയത്.
സ്ഥാനമേറ്റെടുക്കാനിരിക്കുന്ന ബൈഡൻ ഭരണകൂടം റഷ്യയോട് കൂടുതൽ കർശന സമീപനം എടുത്തേക്കുമെന്നതിനാൽ, റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപാടിൽ യുഎസിന്റെ നിലപാടിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.

അതേസമയം, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലടക്കം ചൈനയുടെ ഭീഷണി നേരിടാൻ മിസൈൽ പ്രതിരോധസംവിധാനം ആവശ്യമാണെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഇന്ത്യയും അമേരിക്കയും തമ്മിൽ സമഗ്രവും തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും റഷ്യയും ഇന്ത്യക്ക് സവിശേഷവും തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും വാർത്തയോട് പ്രതികരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.