ക്യൂബയ്‌ക്കെതിരെ അമേരിക്ക; ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ ക്യൂബയും

വാഷിങ്ടൺ: ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികൾക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടർച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണ് ക്യൂബയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ഭരണമൊഴിയാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാക്കി വീണ്ടും പ്രഖ്യാപിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി. 2015ൽ ഒബാമ സർക്കാരിന്റെ കാലത്താണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ക്യൂബയെ ഒഴിവാക്കിയത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനാലാണ് ക്യൂബയെ വീണ്ടും എസ്എസ്ടി പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും പോംപിയോ കൂട്ടിച്ചേർത്തു.

എസ്എസ്ടി പട്ടികയിൽ ആയതോടെ ക്യൂബയുമായി ചില വ്യാപാര ഇടപാടുകൾ നടത്തുന്ന വ്യക്തികൾക്കും രാജ്യങ്ങൾക്കും മേൽ പിഴ ചുമത്തുക, അമേരിക്ക നൽകുന്ന സഹായങ്ങളിൽ നിയന്ത്രണം കൊണ്ടുവരിക, പ്രതിരോധ കയറ്റുമതിയും വിൽപനയും നിരോധിക്കുക തുടങ്ങിയ നടപടികളും അമേരിക്ക കൈക്കൊള്ളും.

രാജ്യത്തെ ജനങ്ങളിൽ പലരും ദാരിദ്ര്യത്തിലും ഭവനരഹിതരായും അവശ്യമരുന്നുകളുടെ അഭാവത്തിലും ജീവിക്കുമ്പോൾ, കൊലപാതകികൾക്കും ബോംബ് നിർമാതാക്കൾക്കും മറ്റും ക്യൂബ ഭക്ഷണവും താമസസൗകര്യവും ചികിത്സാസൗകര്യങ്ങളും ഒരുക്കുകയാണെന്നും പോംപിയോ ആരോപിച്ചു.

ഹവാനയിൽ താമസിക്കുന്ന നാഷണൽ ലിബറേഷൻ ആർമിയുടെ പത്ത് നേതാക്കളെ കൈമാറണമെന്ന കൊളംബിയയുടെ ആവശ്യം ക്യൂബ നിരസിച്ചതായും അമേരിക്ക ചൂണ്ടിക്കാണിച്ചു. അമേരിക്ക വിദേശ ഭീകര സംഘടനകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൂട്ടായ്മയാണ് നാഷണൽ ലിബറേഷൻ ആർമി.