ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം ഇന്ന് ജനപ്രതിനിധിസഭയിൽ; ബുധനാഴ്ച വോട്ടെടുപ്പിന് സാധ്യത

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം ഇന്ന് ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കും. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാൽ ജോ ബൈഡൻ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്കു ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂ എന്നാണ് സൂചന.

അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തിൽ തുടരാൻ അർഹനല്ലെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കുമെന്നും മുതിർന്ന ഡെമോക്രാറ്റ് നേതാവു കൂടിയായ നാൻസി പറഞ്ഞു.

നടപടി വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അംഗീകരിച്ചില്ലെങ്കിൽ ഇംപീച്ച്മെന്റ് നിയമനിർമാണവുമായി മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി.

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് നാം അടിയന്തരമായി പ്രവർത്തിച്ചേ മതിയാകൂ. കാരണം ഈ പ്രസിഡന്റ് ഇവയ്ക്കു രണ്ടിനും ആസന്ന ഭീഷണിയാണ്- നാൻസി പറഞ്ഞു. യുക്രൈൻ വിവാദവുമായി ബന്ധപ്പെട്ട് 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

അതിനിടെ ക്യാപ്പിറ്റോള്‍ കലാപത്തിന് ശേഷം ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സംസാരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെന്‍സ് പങ്കെടുക്കുമെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ ബൈഡൻ സ്വാഗതം ചെയ്തു. ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു.