ജപ്പാനിൽ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തി; ടോക്കിയോയിൽ അടിയന്തരാവസ്ഥ

ടോക്കിയോ: ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ജപ്പാൻ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്‌. നേരത്തേ യു.കെ., ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദം.

ടോക്കിയോ പ്രദേശത്ത് വെള്ളിയാഴ്ച മുതൽ ജപ്പാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിർദേശം.പുതിയ വകഭേദം വളരെ വേഗത്തിൽ വ്യാപിക്കുന്നതിനാൽ വിദഗ്ധർ ആശങ്കയിലാണ്.

വിമാനത്താവളത്തിൽ നടത്തിയ കൊറോണ പരിശോധനയിലാണ് ബ്രസീലിൽ നിന്നെത്തിയ നാൽപതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാർക്കും പുതിയ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയും മറ്റുരാജ്യങ്ങളുമായി ചേർന്ന് വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ചുളള പഠനം നടത്തി വരികയാണ് ജപ്പാൻ.

നിലവിൽ കണ്ടുപിടിച്ച വാക്സിനുകൾ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ കാര്യക്ഷമമാണോ എന്ന് വ്യക്തമല്ല. നേരത്തേ ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക വകഭേദത്തിലുളള മുപ്പത് കൊറോണ കേസുകൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്തിരുന്നു.