ലണ്ടൻ: വാട്സാപ്പ് അടുത്തിടെയിറക്കിയ നയ മാറ്റ അറിയിപ്പ് ആഗോള തലത്തിൽ വലിയ വിമർശനം നേരിടുന്നു. വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള കമ്പനികളുമായി പങ്കുവെക്കപ്പെടുമെന്നും ഉൾപ്പടെയുള്ള നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പോവാനാണ് വാട്സാപ്പിന്റെ നിർദേശം.
ഈ പശ്ചാത്തലത്തിൽ വാട്സാപ്പിൽ നിന്ന് വലിയ രീതിയിൽ ഉപയോക്താക്കൾ കൊഴിഞ്ഞുപോവുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന സിഗ്നൽ എന്ന മെസേജിങ് ആപ്ലിക്കേഷനിലേക്ക് മാറൂ വെന്ന് പ്രമുഖ വ്യവസായി ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിന് പിന്നാലെ സിഗ്നൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാം ഉപയോക്താക്കളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വാട്സാപ്പിന്റെ സ്വകാര്യത വാഗ്ദാനത്തിൽ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പലയിടങ്ങളിലും നേരത്തെ തന്നെ സിഗ്നൽ ആപ്പിന് വലിയ പ്രചാരമുണ്ട്.
ഇലോൺ മസ്കിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ പുതിയതായി അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണത്തിൽ പെട്ടന്ന് വർധനവുണ്ടാവുന്നതിന് ഇടയാക്കിയിട്ടുള്ളതായി സിഗ്നൽ വ്യക്തമാക്കി. ഇത് വെരിഫിക്കേഷൻ പ്രക്രിയയിൽ തടസം നേരിടുന്നതിനിടയാക്കിയിട്ടുണ്ടെന്നും ഈ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും സിഗ്നൽ ട്വീറ്റ് ചെയ്തു.
ഇലോൺ മസ്കിനെ കൂടാതെ എഡ്വേർഡ് സ്നോഡനും സിഗ്നൽ ഉപയോഗിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ, രാഷ്ട്രത്തലവന്മാർ ഉൾപ്പടെയുള്ളവരുടെ ഫോൺ, ഇമെയിൽ വിവരങ്ങൾ ചോർത്തിയെന്ന വിവരം പുറത്തുവിട്ടതിനെ തുടർന്ന് ചാരവൃത്തി ആരോപിച്ച് അമേരിക്ക അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള വ്യക്തിയാണ് സ്നോഡൻ.
എന്തുകൊണ്ടാണ് താങ്കൾ സിഗ്നൽ ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുന്നത് എന്ന ചോദ്യത്തിന്. ‘ ഏറെകാലമായി ഞാൻ സിഗ്നൽ ഉപയോഗിക്കുന്നുണ്ടെന്നും ഞാൻ ഇതുവരെയും മരണപ്പെട്ടിട്ടില്ല’ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.