കൊറോണ രോഗികളില്‍ ‘കാന്‍ഡിഡ ഓറിസ്’ ഫംഗസ് ബാധ; അമേരിക്കയിൽ എട്ടു പേര്‍ മരിച്ചു

വാഷിം​ഗ്ടൺ; കൊറോണ രോഗികളില്‍ ‘കാന്‍ഡിഡ ഓറിസ്’ എന്നറിയപ്പെടുന്ന ഫംഗസ് ബാധിച്ച് എട്ട് പേര്‍ മരിച്ചതായി അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട്. 2009ല്‍ ജപ്പാനിലാണ് ആദ്യമായി ‘സി ഓറിസ്’ ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സി ഓറിസ്’ എന്നും അറിയപ്പെടുന്ന ഈ ഫംഗസ് എത്തരത്തിലാണ് രൂപപ്പെട്ട് വരുന്നതെന്നോ എങ്ങനെയാണ് ആളുകളിലെത്തുന്നതോ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല.

ഫ്‌ളോറിഡയിലെ ഒരു ആശുപത്രിയില്‍ വച്ചാണ് കൊറോണ രോഗികള്‍ക്കിടയില്‍ ഫംഗസ് ബാധയുണ്ടായിരിക്കുന്നത്.ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ മരണത്തിന് വരെ ഇടയാക്കുന്നതാണ് ഈ ഫംഗസ്. അധികവും ആശുപത്രികളിലാണ് ഫംഗസ് കണ്ടെത്തിയിട്ടുള്ളത്.

രക്തപ്രവാഹം, വ്രണങ്ങള്‍, ചെവിയില്‍ അണുബാധ തുടങ്ങിയവയാണ് ഫംഗസ് ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. ശ്വാസകോശത്തില്‍ നിന്നുള്ള സാമ്പിളിലോ മൂത്ര സാമ്പിളിലോ പരിശോധന നടത്തുന്നതിലൂടെ ഫംഗസിന്റെ സാന്നിധ്യം കണ്ടെത്താനാകും. എന്നാല്‍ ശ്വാസകോശത്തെയോ മൂത്രാശയത്തെയോ ഇത് ബാധിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയുമില്ല.

അതേസമയം ഫംഗസ് ബാധയുണ്ടായ ശേഷമാണ് എട്ട് പേര്‍ മരിച്ചതെങ്കിലും മരണകാരണം കൃത്യമായി കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.