ക്യാപിറ്റോള്‍ അക്രമം അതിഹീനം; അപലപിച്ച് ട്രംപ്; ഫെയ്സ് ബുക്കിൽ ട്രംപിന് അനിശ്ചിതകാല വിലക്ക്; സ്ഥാനകൈമാറ്റം 20 ന്

വാഷിങ്ടണ്‍ : അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികളുടെ പ്രകടനത്തിനിടെ കലാപകാരികൾ നടത്തിയ തേര്‍വാഴ്ചയിലും കലാപത്തിലും മരിച്ചവരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു പൊലീസുകാരനാണ് ഒടുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ ക്യാപിറ്റോള്‍ അക്രമത്തെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ക്യാപിറ്റോള്‍ അക്രമം അതിഹീനമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അക്രമം ഉണ്ടായ ഉടനെ അക്രമികളെ പുറത്താക്കാന്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു. അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ല. നിയമപരമായാണ് താന്‍ മുന്നോട്ടുപോയത്. അമേരിക്ക എപ്പോഴും നിയമവാഴ്ചയ്ക്ക് പ്രാധാന്യം നല്‍കുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞു.

കോണ്‍ഗ്രസ് അംഗീകരിച്ച ജോ ബൈഡന്റെ വിജയത്തെ ട്രംപും അംഗീകരിച്ചു. ജനുവരി 20 ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. അമേരിക്കയെ പിന്തുണയ്ക്കുന്നവര്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. തന്നെ പിന്തുണയ്ക്കുന്നവര്‍ ദുഃഖത്തിലാണെന്ന് അറിയാം. മഹത്തായ യാത്രയുടെ തുടക്കമാണിതെന്നും ട്രംപ് പറഞ്ഞു.

അതിനിടെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപിറ്റോള്‍ പൊലീസ് മേധാവി സ്റ്റീവന്‍ സണ്ട് രാജിവെച്ചു. രാജി ജനുവരി 16 ന് പ്രാബല്യത്തില്‍ വരും. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഉടന്‍ പുറത്താക്കാനും ചിലർ നീക്കം നടത്തുന്നുണ്ട്.

അതേസമയം പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തി ഫേയ്സ്ബുക്ക്. സിഇഒ മാർക്ക് സക്കർബർ​ഗാണ് ഇതു സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കിയത്. പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് നടപടി. ഫേയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ട്രംപ് ഉപയോ​ഗിക്കുന്നത് അപകടസാധ്യത കൂട്ടുമെന്നും അതിനാൽ അനിശ്ചിതകാലത്തേക്ക് വിലക്ക് നീട്ടുന്നതായും അദ്ദേഹം കുറിച്ചു.

പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂർണമാകുന്നതുവരെയെങ്കിലും ഇത് തുടരുമെന്നാണ് സക്കര്‍ബർഗിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. ‘ഈ സമയത്ത് പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടർന്നും ലഭ്യമാക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങൾ വിചാരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ, അല്ലെങ്കിൽ അധികാര കൈമാറ്റം നടക്കുംവരെ രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുകയാണ്’- സക്കർബർ​ഗ് കുറിച്ചു.

അതേസമയം ട്രംപിന് എതിരേ അമേരിക്കൻ മാധ്യമങ്ങൾ നേരത്തേ മുതൽ അനുവർത്തിക്കുന്ന ശത്രുതാ മനോഭാവത്തിന് മൂർച്ചയേറി. സത്യവിരുദ്ധമായ വാർത്തകൾ ട്രംപിന് എതിരെ പ്രചരിപ്പിക്കുന്നതിൽ ഇവ നിർവഹിക്കുന്ന ദൗത്യമാണ് ലോകമെമ്പാടും തെറ്റിദ്ധാരണ പരത്തുന്ന തെന്ന ആക്ഷേപം ശക്തമാണ്.