ബ്രിട്ടണിൽ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; അടച്ചിടല്‍ ഒന്നരമാസത്തേക്ക്

ലണ്ടൻ: രോഗവ്യാപന ശേഷി കൂടിയ പുതിയ കൊറോണ വൈറസ് വ്യാപമായി പടരുന്ന പശ്ചാത്തലത്തിൽ ബ്രിട്ടൺ ദേശീയതലത്തിൽ വീണ്ടും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.

ബുധനാഴ്ച അർദ്ധരാത്രി മുതൽ ഫെബ്രുവരി പകുതിവരെയാണ് നിലവിൽ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം പെട്ടെന്ന് ക്രമാതീതമായി പെരുകുന്നത് കണക്കിലെടുത്താണ് അടച്ചിടലിലേക്ക് നീങ്ങുന്നതെന്ന് ബോറിസ് ജോൺസൺ അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.